പല ആദിവാസി കോളനികളിലെയും കുട്ടികള്‍ യാത്രാക്ലേശവും മറ്റ് അസൗകര്യങ്ങളും കാരണം ഇതുവരെയും പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയിട്ടില്ല. ബദൽ സ്കൂളുകൾ പൂട്ടിയതിനാൽ പഠനം അവസാനിപ്പിക്കേണ്ടി വരുമെന്ന്  രക്ഷിതാക്കള്‍ 

മലപ്പുറം: സര്‍ക്കാര്‍ അടച്ചു പൂട്ടിയ ബദല്‍ സ്കൂളുകളിലെ (School Students)കുട്ടികളുടെ പഠനം പ്രതിസന്ധിയില്‍. 
മലപ്പുറത്ത് മാത്രം മുപ്പതോളം ബദല്‍ വിദ്യാലയങ്ങളിലായി എഴുന്നൂറോളം കുട്ടികള്‍ പഠിച്ചിരുന്നു. ഇവരിൽ പല ആദിവാസി കോളനികളിലെയും കുട്ടികള്‍ യാത്രാക്ലേശവും മറ്റ് അസൗകര്യങ്ങളും കാരണം ഇതുവരെയായിട്ടും പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയിട്ടില്ല. ബദൽ സ്കൂളുകൾ പൂട്ടിയതിനാൽ പഠനം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. 

മലപ്പുറത്ത് എടവണ്ണ ചോലറ ആദിവാസി കോളനിയോട് ചേര്‍ന്ന ബദല്‍ സ്കൂൾ സർക്കാർ അടച്ചു പൂട്ടിയതാണ്. എത്തിപ്പെടാന്‍ ഏറെ പ്രയാസമുള്ള കോളനിയിലെ 15 കുട്ടികളുടെ ആശ്രയമായിരുന്നു ഈ ബദൽ സ്കൂൾ. അഞ്ചു കിലോമീറ്റര്‍ അകലെയുള്ള പൊതു വിദ്യാലയത്തില്‍ പ്രവേശനം തേടാനാണ് സർക്കാർ നിര്‍ദേശമെങ്കിലും അത് ഇതുവരേയും നടപ്പിലായിട്ടില്ല. യാത്രാക്ലേശവും മറ്റും കാരണം പൊതുവിദ്യാലയത്തിലെ പഠനം സാധ്യമല്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സ്കൂളുകൾ തുറന്ന് പഠനം രണ്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ ഒറ്റപ്പെട്ട ഇടങ്ങളിലെ ചില ബദല്‍ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സ്ഥിതി ഇങ്ങനെയാണ്. 

കോടതി ഉത്തരവ് കൈയില്‍ കിട്ടിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്; ഉച്ചക്കഞ്ഞി നിഷേധിക്കപ്പെട്ട് കുരുന്നുകള്‍

നിലമ്പൂര്‍ ആദിവാസി മേഖലയിലെ ഉള്‍പ്രദേശത്തെ 8 ബദല്‍ സ്കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസവകുപ്പ് താല്‍ക്കാലിക അനുമതി നല്‍കിയിട്ടുണ്ട്. രക്ഷിതാക്കളുടെ ഹര്‍ജിയില്‍ ജില്ലയിലെ ആറ് സ്കൂളുകള്‍ക്ക് 10 ദിവസം പ്രവര്‍ത്തിക്കാൻ ഹൈക്കോടതിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. സമയപരിധി ഈ ആഴ്ച അവസാനിക്കുന്നതോടെ ഈ കുട്ടികളുടെ സ്ഥിതി പ്രയാസത്തിലാകും. കുട്ടികളെ അടുത്തുള്ള മറ്റ് പൊതുവിദ്യാലയങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ പുരോഗമിക്കുന്നെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ മറുപടി.

കായംകുളം സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതെവിടെ നിന്ന്? വ്യക്തതയില്ലാതെ ആരോഗ്യവകുപ്പ്