തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു, സര്‍വ്വകലാശാല പരീക്ഷകള്‍ പെട്ടെന്ന് മാറ്റിവെച്ചതിന്‍റെ അമ്പരപ്പിലാണ് വിദ്യാര്‍ത്ഥികള്‍. പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പാണ് പരീക്ഷകള്‍ മാറ്റിവെച്ചതായുള്ള അറിയിപ്പ് ലഭിച്ചത്. അതുകൊണ്ട് തന്നെ കോളേജില്‍ എത്തിയശേഷമാണ് പല വിദ്യാര്‍ത്ഥികളും പരീക്ഷകള്‍ മാറ്റിയ കാര്യം അറിഞ്ഞതുതന്നെ. 

കൃത്യസമയത്ത് തന്നെ പരീക്ഷകള്‍ എഴുതാനായി വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. വളരെ പെട്ടെന്നുണ്ടായ തീരുമാനത്തെ സമ്മിശ്ര പ്രതികരണങ്ങളോടെയാണ് വിദ്യാര്‍ത്ഥികള്‍ എതിരേറ്റത്. പരീക്ഷകള്‍ മാറ്റിവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ അഭിപ്രായം. എന്നാല്‍ മറ്റൊരു വിഭാഗമാകട്ടെ പരീക്ഷ മാറ്റിയതിന്‍റെ ആശ്വാസത്തിലായിരുന്നു.  പഠിക്കാന്‍ കൂടുതല്‍ സമയം കിട്ടിയതിന്‍റെ സന്തോഷത്തിലാണ് ഇക്കൂട്ടര്‍. 

എന്നാല്‍ അവസാന പരീക്ഷ എഴുതി വീട്ടില്‍ പോകാന്‍ തയ്യാറെടുത്ത് വന്ന വിദ്യാര്‍ത്ഥികളാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. 
ഒരുദിവസം മുമ്പെയെങ്കിലും പരീക്ഷ മാറ്റിവെക്കാമായിരുന്നു എന്നായിരുന്നു ഇവരുടെ പ്രതികരണം. പരീക്ഷ എഴുതാനായി മാത്രം ദീര്‍ഘദൂരം സഞ്ചരിച്ച് എത്തിയതിന്‍റെ വിഷമമായിരുന്നു ചിലരുടെ മുഖത്ത്. 

"