Asianet News MalayalamAsianet News Malayalam

തെക്കൻ കേരളാ തീരത്തെ പ്രശ്നങ്ങൾക്ക് കാരണം തുറമുഖങ്ങളുടെ നിർമ്മാണമെന്ന് പഠന റിപ്പോർട്ടുകൾ

രൂപകൽപനയിലും നിർമ്മാണങ്ങളിലും ആവശ്യമായ മാറ്റങ്ങൾ ഇനിയെങ്കിലും വരുത്തണമെന്നാണ് പ്രധാന നിർദ്ദേശം. എല്ലായിടത്തും കാഠിന്യമേറിയ തീരസംരക്ഷണ നിർമ്മാണങ്ങൾ പാടില്ല.

study report about south kerala coastline erosion
Author
Thiruvananthapuram, First Published Jun 10, 2021, 7:43 AM IST

തിരുവനന്തപുരം: വിഴിഞ്ഞം, കുളച്ചൽ അടക്കം മൂന്ന് തുറമുഖങ്ങളുടെ നിർമ്മാണമാണ് കേരളത്തിലെ തെക്കൻ തീരത്തെ പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്ന് വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോർട്ട്. രൂപകൽപനയിലും നിർമ്മാണങ്ങളിലും ആവശ്യമായ മാറ്റങ്ങൾ ഇനിയെങ്കിലും വരുത്തണമെന്നാണ് പ്രധാന നിർദ്ദേശം. എല്ലായിടത്തും കാഠിന്യമേറിയ തീരസംരക്ഷണ നിർമ്മാണങ്ങൾ പാടില്ലെന്നും നിർദ്ദേശിക്കുന്നു. വിവിധ മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെട്ട അഞ്ചംഗ സമിതിയാണ് സ്വതന്ത്ര പഠനം നടത്തിയത്. 

ഇന്ന് കാണുന്ന കര നാളെ കടലാകുന്ന ശംഖുമുഖത്തെയും വലിയതുറയിലെയും പ്രതിഭാസം. കേരള തമിഴ്നാട് അതിർത്തിയിലെ പൊഴിയൂരിലെ തീര ശോഷണം, അഞ്ചുതെങ്ങിലെ പ്രശ്നങ്ങൾ. വളരെ പെട്ടെന്ന് തീരം കടലെടുക്കുന്ന ഈ പ്രതിഭാസത്തിൽ തീരദേശ വാസികളുടെയും കണ്ടെത്തിയ കാരണണമായിരുന്നു തുറമുഖങ്ങളുടെ നിർമ്മാണം. ഈ കടലറിവുകൾക്ക് ബലമേകുന്നതാണ് വിദഗ്ദ്ധ റിപ്പോർട്ട്. 

കേരള സർവ്വകലാശാലയിലെ അക്വാട്ടിക്ക് ബയോളജി വിഭാഗം മേധാവി ഡോ.ബിജു കുമാർ,സെന്‍റർ ഫോർ എർത്ത് സയൻസിലെ തീരപഠന വിഭാഗം മുൻ മേധാവിയും ചീഫ് സയന്‍റിസ്റ്റുമായിരുന്ന ഡോ.കെ.വി.തോമസ്,സെസ്സിലെ ചീഫ് സയന്‍റിസ്റ്റായി വിരമിച്ച ഡോ.അജയകുമാർ വർമ്മ, കേരള വനഗവേഷണ കേന്ദ്ര സീനിയൽ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ.ടിവി.സജീവ്,കേരള സർവ്വകലാശാലയിലെ ജിയോളജി വിഭാഗം മേധാവി ഡോ.ഇ.ഷാജി എന്നിവരാണ് പഠനം നടത്തിയത്. കേരളാ തമിഴ്നാട് അതിർത്തിയിലെ കുളച്ചൽ,തേങ്ങാപ്പട്ടണം തുറമുഖങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൊഴിയൂരിലെ രൂക്ഷമാകുന്ന തീരശോഷണത്തിന് കാരണമെന്നാണ് പ്രധാന കണ്ടെത്തൽ. തിരുവനന്തപുരത്തെ തീരം വളരെ വേഗം കടൽ കയറുന്നതിൽ വിഴിഞ്ഞം തുറമുഖത്തെ നിർമ്മാണ പ്രവർത്തികളിലേക്കും പഠനം വിരൽചൂണ്ടുന്നു

വിഴിഞ്ഞത്തിന് വടക്കോട്ടുള്ള തീരങ്ങളിലാണ് പ്രധാനമായും പ്രശ്ന ബാധിത മേഖല.കടലിനുള്ളിലെ മണൽ നീക്കം തടസ്സപ്പെടുന്നതാണ് കടലെടുത്തഇടങ്ങൾ കരയാകുന്നതിൽ തടസം. കാലാവസ്ഥാ വ്യതിയാനങ്ങളും പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നു. തിരുവനന്തപുരത്തെയും,ചെല്ലാനത്തെയും തീരനഷ്ടത്തിൽ കടൽഭിത്തികളും,ടെട്രോപോഡുകളും,ജിയോടൂബുകളും പരിഹാരമാർഗമായി സർക്കാർ കാണുമ്പോൾ ഇത് എല്ലായിടത്തും പ്രായോഗികമാകില്ലെന്നും പഠനം വിലയിരുത്തുന്നു. സംസ്ഥാനമാകെ തീര ശോഷണത്തിന്‍റെ തോത് അനുസരിച്ച് മൂന്ന് മേഖലകളായി തിരിക്കണമെന്നും ഓരോ തീരത്തിനും ഓരോ തീരസംരക്ഷണ മാർഗങ്ങൾ സ്വീകരിക്കണമെന്നുമാണ് സമിതിയുടെ നിർദ്ദേശം. 

തീരത്ത് നിന്നും അൻപത് മീറ്റർ തീരപ്രദേശത്ത് നിർമ്മാണങ്ങളൊന്നും അനുവദിക്കാതെ കടലിന് വിട്ടു നൽകണം. ഔദ്യോഗികമായി നടന്നു വരുന്ന പഠനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി ഏകോപന സമിതിയുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ തുടങ്ങണമെന്നും നിർദ്ദേശിക്കുന്നു. സ്വതന്ത്രമായി തയ്യാറാക്കിയ ഈ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. തിരുവനനന്തപുരത്തെ അടക്കം തീരങ്ങളിൽ കടലാക്രമണം രൂക്ഷമായ ശേഷം ഇതാദ്യമായാണ് ആധികാരികമായ പഠനറിപ്പോർട്ട് പുറത്തുവരുന്നത്. 

Follow Us:
Download App:
  • android
  • ios