കൊച്ചി: മരടിലെ ഫ്ലാറ്റുകളില്‍ നിന്നും താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയപരിധി നീട്ടി. വൈകുന്നേരം അ‌ഞ്ച് മണിക്കുള്ളില്‍ ഒഴിഞ്ഞു പോകണം എന്നായിരുന്നു നേരത്തെ നഗരസഭ മരടിലെ ഫ്ളാറ്റുടമകള്‍ക്ക് നല്‍കിയ നിര്‍ദേശം. ഈ സമയപരിധിയാണ് 12 മണി വരെ നീട്ടിയത്. തങ്ങള്‍ക്ക് ഒഴിഞ്ഞു പോകാന്‍ വേറെ സ്ഥലമില്ലെന്നും വൈദ്യുതി ജലവിതരണം പുനസ്ഥാപിച്ച് അടുത്ത രണ്ടാഴ്ച കൂടി ഫ്ളാറ്റില്‍ തുടരാന്‍ അനുമതി നല്‍കണമെന്നും നേരത്തെ ഫ്ളാറ്റുടമകള്‍ സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം നിര്‍ദേശം തള്ളി. 

അതേസമയം മരടിലെ നാല് ഫ്ളാറ്റുകളില്‍ നിന്നുള്ളവരെ സുഗമമായി ഒഴിപ്പിക്കാനും പുനരധിവാസം വേഗത്തിലാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചു. മരട് നഗരസഭയുടെ അപേക്ഷ അനുസരിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്നുമാണ് ഇതിനുള്ള തുക അനുവദിച്ചത്. 

മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഇന്ന് ഒഴിഞ്ഞുപോവാന്‍ ആവില്ലെന്ന് ഒരു വിഭാഗം ഫ്ലാറ്റ് ഉടമകള്‍ ആവര്‍ത്തിക്കുമ്പോഴും വിട്ടുവീഴ്ചയ്ക്കില്ലെന്ന കര്‍ശന നിലപാടാണ് കളക്ടര്‍ സ്വീകരിച്ചത്. ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയുന്നതിനായി 15 ദിവസത്തില്‍ അധികം ഉടമസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍  സമയം നല്‍കില്ലെന്ന് നഗരസഭയും വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദേശിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലുമായി 326 അപ്പാർട്ട്മെന്‍റുകളാണുള്ളത്. ഇതില്‍ 103 എണ്ണത്തില്‍ നിന്നുമാത്രമാണ്  ആളുകള്‍ ഒഴിഞ്ഞിട്ടുള്ളത്. കൂടുതല്‍ സമയം ഫ്ലാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സബ് കളക്ടര്‍ മേലുദ്യോഗസ്ഥരുമായി രാത്രി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. സമയപരിധി പാലിക്കണമെന്ന് തന്നെയായിരുന്നു ചിഫ് സെക്രട്ടറിയും കളക്ടറും വ്യക്തമാക്കിയത്. ഒഴിഞ്ഞ് പോകുന്നതിനുള്ള കാലാവധി അവസാനിക്കുന്നതോടെ താൽകാലികമായി പുനസ്ഥാപിച്ച വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കും.

സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിലെ കാലാവധി നീട്ടുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് നഗരസഭ പറയുന്നത്. കാലാവധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോകാൻ തയ്യാറാകാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നഗരസഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ബലപ്രയോഗത്തിലേക്ക് നീങ്ങാതെ സമവായത്തിലൂടെ കാര്യങ്ങൾ പരിഹരിക്കാനാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

അതേസമയം മരട് ഫ്ലാറ്റ് കേസില്‍ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് തച്ചങ്കരി പറഞ്ഞു. കുറ്റകൃത്യം തെളിഞ്ഞു ഇനി കുറ്റക്കാരെ മാത്രം കണ്ടെത്തിയാൽ മതിയെന്നും മൂന്നുമാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും തച്ചങ്കരി പറഞ്ഞു. ഫ്ലാറ്റ് നിർമാതാക്കൾ മാത്രമല്ല കുറ്റക്കാര്‍. ആവശ്യമെങ്കിൽ നഗരസഭ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. കേസ് ക്രൈംബ്രാഞ്ചിന്‍റെ തൊപ്പിയിലെ പൊൻതൂവലായി മാറുമെന്നും തച്ചങ്കരി പറഞ്ഞു.