Asianet News MalayalamAsianet News Malayalam

റമദ റിസോർട്ട് കയ്യേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവിറങ്ങി

ഉത്തരവിറക്കാതെ അഞ്ചുകൊല്ലം മുമ്പ് ആലപ്പുഴ കലക്ട്രേറ്റില്‍ പൂഴ്ത്തി വെച്ച കയ്യേറ്റ ഫയലിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ പരമ്പരയെ തുടര്‍ന്ന് ഉത്തരവിറങ്ങിയിരിക്കുന്നത്.

sub collector orders action against ramada resort land encroachment
Author
Alappuzha, First Published Apr 7, 2019, 9:53 AM IST


ആലപ്പുഴ: ആലപ്പുഴ ഫിനിഷിംഗ് പോയിന്‍റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റമദ റിസോര്‍‍ട്ട്, കയ്യേറി നികത്തിയ സര്‍ക്കാര്‍ പുറമ്പോക്ക് തോട് തിരിച്ചു പിടിക്കാന്‍ സബ് കലക്ടര്‍ ഉത്തരവിറക്കി. ആലപ്പുഴ സബ് കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഐഎഎസ്സാണ് റമദ റിസോർട്ട് കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടത്. അഞ്ചുകൊല്ലം മുമ്പ് ആലപ്പുഴ കലക്ട്രേറ്റില്‍ പൂഴ്ത്തി വെച്ച കയ്യേറ്റ ഫയലിലാണ് ഇപ്പോള്‍ വെളിച്ചം കണ്ടത്.  ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ പരമ്പരയെ തുടര്‍ന്നാണ് കയ്യേറ്റ ഭൂമി തിരിച്ചെടുക്കാന്‍ സബ് കലക്ടര്‍ ഉത്തരവിറക്കിയത്.  

2011 ലാണ് റമദ റിസോ‍ര്‍ട്ട് പുറമ്പോക്ക് തോട് കയ്യേറി നിര്‍മ്മാണം നടത്തിയെന്ന് റവന്യൂ അധികൃതര്‍ കണ്ടെത്തിയത്. തുടർന്ന് റിസോർട്ട് കയ്യേറിയ തോട് തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടു. എന്നാൽ ഉത്തരവിനെതിരെ റിസോര്‍ട്ട് അധികൃതർ ആലപ്പുഴ കലക്ടര്‍ക്ക്  അപ്പീല്‍ നല്‍കി. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിസോട്ട് ഹൈക്കോടതിയെയും സമീപിച്ചു. 

കയ്യേറ്റ വിവാദത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കോടതി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. ഭൂമി തിരിച്ചുപിടിക്കണമെന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേർന്ന് 2013 ല്‍ തീരുമാനമെടുത്തു. പക്ഷെ പിന്നീട് ആ ഫയല്‍ വെളിച്ചം കണ്ടില്ല.  എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സംഭവം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നു. റമദയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ട് കലക്ട്രേറ്റില്‍ നിന്ന് നിരവധി രേഖകളാണ് കാണാതായത്. അതിനിടെ റിസോര്‍ട്ട് കയ്യേറിയ പുറമ്പോക്ക് തോട് റീസര്‍വ്വേയില്‍ റിസോര്‍ട്ടിന്‍റെ സ്വകാര്യ ഭൂമിയാക്കി കൊടുക്കുകയും ചെയ്തു.

വാര്‍ത്തയെത്തുടര്‍ന്ന് റവന്യൂ മന്ത്രി ജില്ലാ കലക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. റമദ റിസോര്‍ട്ടിന്‍റെ അപ്പീല്‍ ഫയല്‍ ജില്ലാ കലക്ടര്‍ സബ് കലക്ടര്‍ക്ക് കൈമാറി. സബ് കലക്ടര്‍ വിആര്‍ കൃഷ്ണ തേജ, വെറും ഒന്നരമാസം കൊണ്ട് ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് പുറത്തിറക്കുകയായിരുന്നു. മുപ്പത് ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കാന്‍ ആലപ്പുഴ നഗരസഭാ സെക്രട്ടറിക്കാണ് സബ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.  അതോടൊപ്പം റീസേര്‍വ്വേയിലെ അപാകതകൾ 15 ദിവസത്തിനകം പരിഹരിക്കണമെന്നും ഉത്തരവിലുണ്ട്.

Follow Us:
Download App:
  • android
  • ios