തുടർ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. ജില്ലാ പൊലീസ് മേധാവി മാർക്കാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. അവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിപാറയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. തുടർ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. ജില്ലാ പൊലീസ് മേധാവി മാർക്കാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. അവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. 

പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ വെട്ടിയതായാണ് വിവരം. പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുബൈർ പോപ്പുലർഫ്രണ്ട് പ്രാദേശിക പ്രവർത്തകനാണ്. 

ഡ്രൈവർ ഉൾപ്പടെ 5 പേരാണ് സംഘത്തിലുള്ളത്. കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികൾ കടന്നത്. അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് പോയതായാണ് സൂചന. സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത് വന്നിരുന്നു. സുബൈറിനെ കൊലപ്പെടുത്താൻ വന്ന സംഘം ഉപയോഗിച്ച ഇയോൺ കാറിന്റെ നമ്പർ, മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ബിജെപി- ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് കണ്ടെത്തിയത്. ഈ കാർ കൊലയാളി സംഘം എലപ്പുള്ളിപാറയിൽ തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. 

Read Also: കൊലയാളി സംഘമെത്തിയ കാര്‍ നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റേത്?

പകവീട്ടിലെന്ന് സംശയിച്ച് എംഎൽഎ

 പകവീട്ടലാണെന്ന് സംശയിക്കുന്നതായി മലമ്പുഴ എം എൽ എയും മുതിർന്ന സിപിഎം നേതാവുമായ എ പ്രഭാകരൻ. നാട്ടിലെ സമാധാനം തകർക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് മമ്പറത്ത് മുൻപ് നടന്ന കൊലപാതകവുമായി ഇപ്പോഴത്തെ കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

'വിഷു ദിവസത്തിൽ ഇങ്ങിനെയൊരു അക്രമം നടന്നതിനെ ശക്തമായി അപലപിക്കുന്നു. അക്രമം വ്യാപിക്കാതിരിക്കാൻ മുൻകരുതലെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടും. പച്ചമനുഷ്യനെ വെട്ടിക്കൊലപ്പെടുത്തിയത് എന്ത് രാഷ്ട്രീയമാണ്? മുൻപ് ഒരു അക്രമം നടന്നതിന്റെ പകവീട്ടലാകാനാണ് സാധ്യത. തനിക്കിതേപ്പറ്റി കൃത്യമായി അറിയില്ല. പള്ളിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് അറിഞ്ഞത്. മമ്പറത്ത് വെച്ച് ഒരു അക്രമം നടന്നതിന്റെ പേരിലാണ് ഈ കൊലപാതകം എന്ന് സംശയിക്കുന്നു. അക്രമികൾ തേടുന്നയാളെ കിട്ടാതാവുമ്പോൾ കിട്ടുന്നവനെ കൊലപ്പെടുത്തുന്ന രീതിയാണ്. വളരെയേറെ മോശമാണ് ഇത്തരം അക്രമങ്ങളെന്നും സിപിഎം സംസ്ഥാന നേതാവ് കൂടിയായ എ പ്രഭാകരൻ വിമർശിച്ചു.