ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളിക്കെതിരെ ആരോപണവുമായി സുഭാഷ് വാസു രം​ഗത്ത്. മഹേശന്റെ മരണത്തിന് കാരണമായ സാമ്പത്തിക ക്രമക്കേട് കാണിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് സുഭാഷ് വാസു ആരോപിച്ചു. ഇക്കാര്യം മരിക്കുന്നതിന് മുൻപ് മഹേശൻ തന്നോട് പറഞ്ഞിരുന്നു. ആത്മഹത്യ യുമായി  ബന്ധപ്പെട്ട നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും സുഭാഷ് വാസു പറഞ്ഞു.

യൂണിയനിൽ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ച് തുഷാർ ഉടുമ്പൻചോലയിൽ തോട്ടം വാങ്ങിയതിന് രേഖകൾ ഉണ്ട്. തുഷാർ വെള്ളാപ്പള്ളിക്ക് ഹവാല ഇടപാടുകൾ ഉണ്ട്.  അതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറുമെന്നും സുഭാഷ് വാസു മാധ്യമങ്ങളോട് പറഞ്ഞു. 

Read Also: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ തെളിവുകൾ നശിപ്പിക്കപ്പെടുന്നത് അന്വേഷിക്കണം; വിഎസ്‌ ഹർജി സമർപ്പിച്ചു...

മഹേശന്‍റെ ആത്മഹത്യയിൽ ഐ ജി ഹർഷിത അത്തല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി നേരത്തെ അറിയിച്ചിരുന്നു. അന്വേഷണം ലോക്കൽ പൊലീസിൽ നിന്നും മാറ്റണമെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്നും ലോക്കൽ പൊലീസ് അന്വേഷണത്തില്‍ ത്യപ്തിയില്ലെന്നും വ്യക്തമാക്കി കുടുംബം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയത്.

മഹേശന്‍റേതായി പുറത്ത് വന്ന കത്തിലെ ആരോപണങ്ങൾ എല്ലാം ശരിയാണെന്നും എസ്എന്‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.  മഹേശന്‍റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. 

Read Also: വെള്ളാപ്പള്ളിക്കെതിരെ എസ്എൻ കോളേജ് അഴിമതിയിൽ 16 വർഷത്തിന് ശേഷം കുറ്റപത്രം...