ആലപ്പുഴ: സുഭാഷ് വാസുവിനെ ബിഡിജെഎസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനവും സാമ്പത്തിക ക്രമക്കേടും നടത്തിയതിനാണ് സുഭാഷ് വാസുവിനെ പുറത്താക്കിയതെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ പുറത്താക്കാൻ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും തുഷാര്‍ പറഞ്ഞു.

വ്യാജ രേഖ ചമച്ചാണ് സുഭാഷ് വാസു സാമ്പത്തിക ക്രമക്കേട് നടത്തിയത്. കായംകുളം കട്ടച്ചിറ കോളേജിന്റെ പേരിൽ നടത്തിയത് വലിയ ക്രമക്കേടാണ്. വ്യാജ ഒപ്പിട്ട് ബാങ്കിൽ നൽകുകയായിരുന്നു. തനിക്ക് പോലും ഒരു ബാങ്കിൽ നിന്ന് വായ്പ എടുക്കാൻ കഴിയാത്ത അവസ്ഥയിലാക്കി.

പാർട്ടി പ്രസിഡൻറ് താനാണ് എന്ന സുഭാഷ് വാസുവിന്റെ അവകാശ വാദം തെറ്റാണ്. ആദ്യ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എന്നാണ് ഒപ്പിട്ടത്. ഏറ്റവും വലിയ തെറ്റാണ് സുഭാഷ് വാസുവിനെ പാർട്ടിയില്‍ കൊണ്ടു വന്നത്. ബിജെപി കേന്ദ്രങ്ങളുടെ ഒരു പിന്തുണയും സുഭാഷ് വാസുവിന് ഇല്ല. അടുത്ത എൻഡിഎ യോഗത്തില്‍ ‌ വച്ച് സുഭാഷ് വാസുവിനെ നേതൃത്വം തള്ളിപ്പറയും.  ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടി വന്ന ശേഷം അത് നടക്കും. സുഭാഷ് വാസുവിനെ ഒരാൾക്ക് പോലും അറിയില്ല. പുതിയ സ്പൈസസ് ബോർഡ് ചെയർമാനെ വൈകാതെ തീരുമാനിക്കും

അപകട മരണങ്ങളിൽ വെള്ളാപ്പള്ളി നടേശന്‍റെ  പേര് സുഭാഷ് വാസു ഒരു അടിസ്ഥാനവും ഇല്ലാതെ വലിച്ച് ഇഴക്കുകയാണ്. സെൻകുമാറും  സുഭാഷ് വാസുവും വാര്‍ത്താസമ്മേളനം നടത്തിയത് ഗുണ്ടകളെ കൂട്ടിയാണ്.  എസ്എന്‍ ട്രസ്റ്റ് കോളേജുകളിൽ നിയമനത്തിന് പണം വാങ്ങുന്നു എന്നുള്ളത് പഴയ ആരോപണമാണ്. അതിന് ഒരടിസ്ഥാനവുമില്ല.  സെൻകുമാർ ഡിജിപി ആയി ഇരുന്ന കാലത്ത് അന്വേഷിക്കാമായിരുന്നു എന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സുഭാഷ് വാസുവി ന്  പകരം പുതിയ രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി മാരെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു.

എന്നാല്‍,  ബിഡിജെഎസില്‍ നിന്ന് തന്നെ പുറത്താക്കിയത് നിയമപരമായല്ലെന്ന് സുഭാഷ് വാസു പ്രതികരിച്ചു. ചട്ട പ്രകാരം താൻ ഇപ്പോഴും ബിഡിജെഎസ് പ്രസിഡന്റ് ആണ്. ഈ മാസം 27 നു താന്‍ പാർട്ടി സംസ്ഥാന കമ്മിറ്റി വിളിച്ചിട്ടുണ്ട്. കമ്മിറ്റി യോഗത്തിൽ തുടർ നടപടി തീരുമാനിക്കുമെന്നും സുഭാഷ് വാസു പ്രതികരിച്ചു.