Asianet News MalayalamAsianet News Malayalam

കോഴിക്കോട്ടെത്തി മുരളീധരനെ കണ്ട് സുധാകരൻ; 'ഒന്നും ആവശ്യപ്പെട്ടില്ല', തിരിച്ചുകൊണ്ടുവരുമെന്ന് കെപിസിസി അധ്യക്ഷൻ

കെ മുരളീധരനെ  തിരിച്ചുകൊണ്ടുവരും. അത് ഞങ്ങളുടെ എല്ലാവരുടെയും ബാധ്യതയാണ്. എന്ത് പദവി നൽകണമെന്ന കാര്യം പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് സുധാകരൻ പറഞ്ഞു.

Sudhakaran met Muralidharan in Kozhikode after the failure of loksabha election
Author
First Published Jun 6, 2024, 7:02 PM IST

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിച്ച് പരാജയപ്പെട്ട കെ മുരളീധരനെ അനുനയിപ്പിക്കാനെത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെ മുരളീധരനെ തിരിച്ചുകൊണ്ടുവരും അത് ഞങ്ങളുടെ എല്ലാവരുടെയും ബാധ്യതയാണെന്ന് കെ സുധാകരൻ പ്രതികരിച്ചു. മുരളീധരനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ. 

കെ മുരളീധരനെ തിരിച്ചുകൊണ്ടുവരും. അത് ഞങ്ങളുടെ എല്ലാവരുടെയും ബാധ്യതയാണ്. ചർച്ചയിൽ ഒരാവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചിട്ടില്ല. കെ മുരളീധരന് എന്ത് പദവി നൽകണമെന്ന കാര്യം പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കും. കെപിസിസി അധ്യക്ഷ പദവിയടക്കം അതിൽ ചർച്ചയാകുമെന്നും സുധാകരൻ പറഞ്ഞു. 

രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ വയനാട്ടിലേക്ക് കെ മുരളീധരനെ പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. തൃശ്ശൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുരളീധരനുണ്ടായ വിഷമം മാറ്റുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ലക്ഷ്യം. പാലക്കാട് നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസി‍ഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനാണ് സാധ്യത. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിന് ഒരവസരം കൂടി നല്‍കിയേക്കും. 

വടകരയിലും നേമത്തും തൃശ്ശൂരിലും അടക്കം പാര്‍ട്ടി പറഞ്ഞ ഇടത്തെല്ലാം എതിരുപറയാതെ മത്സരിച്ച കെ മുരളീധരന്‍ തൃശ്ശൂരിൽ തോൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പൊതുരംഗത്തേക്കില്ലെന്ന് സങ്കടത്തോടെ പറഞ്ഞാണ് അദ്ദേഹം തെരഞ്ഞെടുപ്പ് തോൽവിയോട് പ്രതികരിച്ചത്. മുതിര്‍ന്ന നേതാക്കള്‍ പലരും ഫോണില്‍ വിളിച്ച് അനുനയിപ്പിക്കുന്നുണ്ടെങ്കിലും വിഷമം മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ സുരക്ഷിതമായൊരു പദവി മുരളിക്ക് നല്‍കണമെന്നാണ് മുന്നണി നേതാക്കള്‍ പോലും പറയുന്നത്. റായ്ബറേലിയിലും ജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ അംഗത്വം രാജി വച്ചാല്‍ കെ മുരളീധരന്‍ വരട്ടെയെന്നാണ് നിര്‍ദേശം. മുന്‍പ് ഡിഐസി കാലത്ത്, ഇരു മുന്നണികള്‍ക്കുമെതിരെ മത്സരിച്ച് മിന്നുന്ന പ്രകടനം വയനാട്ടില്‍ മുരളീധരന്‍ കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തിൽ പ്രിയങ്ക ഗാന്ധി ഇല്ലെങ്കില്‍ മാത്രമേ മുരളീധരനെ സ്ഥാനാര്‍ഥിയാക്കുന്നത് പരിഗണിക്കൂ. 

എന്നാൽ വയനാട്ടിൽ മത്സരിക്കാൻ കെ മുരളീധരന്‍ തയ്യാറാകുമോ എന്നതും നിശ്ചയമില്ല. ആലത്തൂരില്‍ തോറ്റ രമ്യാ ഹരിദാസിനെ ചേലക്കരയില്‍ മത്സരിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്. ആലപ്പുഴയില്‍ തോറ്റ ഷാനിമോള്‍ ഉസ്മാന്‍ അരൂരില്‍ വിജയിച്ച ചരിത്രമാണ് പിന്‍ബലം. എന്നാല്‍ തോല്‍വിയുടെ കാര്യകാരണങ്ങളില്‍ പാര്‍ട്ടിയിൽ കലാപം ഉയര്‍ന്നാല്‍ സാധ്യത മങ്ങും. ഷാഫി പറമ്പില്‍ ഒഴിയുന്ന പാലക്കാടാണ് കോണ്‍ഗ്രസിന്‍റെ ഏറ്റവും വലിയ തലവേദന. ഫോട്ടോ ഫിനിഷിങ്ങിലാണ് കഴിഞ്ഞ തവണ ഷാഫി പറമ്പിൽ ജയിച്ചു കയറിയത്. ബിജെപി നിയമസഭയിലേക്ക് വിജയ പ്രതീക്ഷ വയ്ക്കുന്ന പ്രധാന മണ്ഡലമാണ് പാലക്കാട്. അതിനാല്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലൊരു നേതാവ് വേണം മണ്ഡലം നിലനിര്‍ത്താന്‍ എന്നാണ് ചിന്ത. ഷാഫി പറമ്പിൽ നിര്‍ദേശിക്കുന്ന പേരും രാഹുലിന്‍റേത് തന്നെയാവും.

സിഐഎസ്എഫ് ഉദ്യോ​ഗസ്ഥ മർദിച്ചെന്ന് പരാതിയുമായി കങ്കണ റണാവത്ത്; അന്വേഷണം പ്രഖ്യാപിച്ചു

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios