രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അവധി അപേക്ഷ പാസ്സാക്കിയത്. മേയറും പിന്തുണച്ചു. 51 പേർ അംഗീകരിച്ചെന്ന് മേയർ അറിയിച്ചു. പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൌൺസിലർ സുഗതന് ആറ് മാസത്തേക്ക് അവധി അനുവദിച്ച് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം.. സ്വതന്ത്രന്‍റെ പിന്തുണയോടെ അവധി അപേക്ഷ വോട്ടിനിട്ട് പാസാക്കിയാണ് ബിജെപി അയോഗ്യത ഭീഷണി ഒഴിവാക്കിയത്. അയോഗ്യത ഒഴിവാക്കാനുളള മാർഗം നിർദേശിച്ച് ആഭ്യന്തര വകുപ്പ് സുഗതന് നൽകിയ കത്തും മേയർ ആയുധമാക്കി.
തിരുവനന്തപുരത്ത് ബിജെപിക്ക് തത്കാലം ഭീഷണിയൊഴിഞ്ഞു. കാപ്പ കേസിൽ ജയിലിലുളള കൌൺസിലർ സുഗതന് അയോഗ്യത ഒഴിവായി. ആറ് മാസത്തേക്ക് കൌൺസിൽ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാം. അവധി അപേക്ഷ നാടകീയമായി പാസാക്കിയെടുത്ത് ബിജെപി. പൗണ്ട് കടവിൽ അംഗം യുഡിഎഫ് വിമതൻ സുധീഷ് കുമാറിന്‍റെ പിന്തുണയിൽ ഭൂരിപക്ഷം ഉറപ്പിച്ച നീക്കമാണ് നടന്നത്. പ്രതിപക്ഷത്തിന് സംസാരിക്കാൻ അവസരം നൽകിയില്ല.
യുഡിഎഫും എൽഡിഎഫും പ്രതിഷേധം തുടങ്ങിയപ്പോൾ മേയർ ഒരു കത്ത് ഉയർത്തി. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി, സുഗതന് നൽകിയ മറുപടിക്കത്ത്. കൌൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനാവില്ലെന്നും എന്നാൽ അയോഗ്യത ഒഴിവാക്കാൻ അപേക്ഷ നൽകി വോട്ടിനിട്ട് പാസാക്കിയെടുത്താൽ മതിയെന്നും വിശദീകരിക്കുന്ന കത്ത്. സുഗതന് അവധി നൽകാൻ സർക്കാർ രേഖ ബിജെപി ആയുധമാക്കി. അതേ സമയം, കൌൺസിൽ തടസ്സപ്പെടാതിരിക്കാനാണ് ബിജെപിയെ പിന്തുണച്ചതെന്ന് സ്വതന്ത്രൻ സുധീഷ് പറഞ്ഞു. സുഗതന് അവധി നൽകിയത് ചട്ടവിരുദ്ധമെന്ന് കാട്ടി എൽഡിഎഫും യുഡിഎഫും നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.
അവധി കിട്ടിയെങ്കിലും സുഗതന്‍റെ അയോഗ്യത വിഷയത്തിൽ നിയമപോരാട്ടം തുടരും. അതേ സമയം ആഭ്യന്തര വകുപ്പ് നൽകിയ മറുപടിക്കത്ത് ബിജെപിക്ക് ബോണസായത് യുഡിഎഫിന് ക്ഷീണമായി. കടുത്ത അതൃപ്തിയിലാണ് ആഭ്യന്തരമന്ത്രി. കത്ത് നൽകിയ സാഹചര്യം അന്വേഷിക്കും. അവിശ്വാസപ്രമേയത്തെ പിന്തുണക്കാത്തതിൽ പഴി കേട്ട എൽഡിഎഫ്, ആഭ്യന്തരവകുപ്പ് കത്ത് ഇനി ആയുധമാക്കും

