കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക് പിന്നാലെ 2 പെൺകുഞ്ഞുങ്ങളും മരിച്ചു. ഒന്നരയും ആറും വയസുള്ള അനാമികയും ആത്മികയും ആണ് മരിച്ചത്.

കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക് പിന്നാലെ 2 പെൺകുഞ്ഞുങ്ങളും മരിച്ചു. ഒന്നരയും ആറും വയസുള്ള അനാമികയും ആത്മികയും ആണ് മരിച്ചത്. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹ​ത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ വൈകിട്ടോടെയാണ് അമ്മ താര മരിച്ചത്. കുഞ്ഞുങ്ങൾ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 

കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കാണ് മക്കളെ തീ കൊളുത്തി അമ്മ ആത്മഹത്യാശ്രമം നടത്തിയത്. ആറും ഒന്നരയും വയസുള്ള പെൺമക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ താര മക്കളായ അനാമിക, ആത്മിക എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കൾക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭർത്താവിൻ്റെ വീട്ടുകാരുമായി സ്വത്ത് സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മൂവരുടെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates