ആറ്റുകാലിൽ ആത്മഹത്യ ചെയ്ത ആരതി ഭർത്താവിൽ നിന്ന് ശാരീരിക പീഡനം നേരിട്ടെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും ചാറ്റുകളും പുറത്ത്

തിരുവനന്തപുരം: ആറ്റുകാലിൽ ആത്മഹത്യ ചെയ്ത ആരതി ഭർത്താവിൽ നിന്ന് ശാരീരിക പീഡനം നേരിട്ടെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും ചാറ്റുകളും പുറത്ത്. മർദനവിവരങ്ങൾ ഭർത്താവ് അതുലിന്റെ മാതാപിതാക്കൾക്കും അറിയാമായിരുന്നുവെന്ന് ആരതിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അതുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതുൽ നിരന്തരം മ‍ർദ്ദിച്ചിരുന്നതായും അച്ഛനമ്മമാർ നൽകിയ സ്വർണ്ണവും പണവും അതുൽ സ്വന്തം കാര്യത്തിന് ഉപയോഗിച്ചു, ഭർത്താവിൽ നിന്ന് ലഭിക്കേണ്ട സ്നേഹം തനിക്ക് ലഭിച്ചില്ല. പലരോടും തന്റെ വിഷമം പറഞ്ഞു. പക്ഷെ ആരും കേട്ടില്ല തുടങ്ങി ആരതിയുടെ നിസ്സഹായതയുടെ നേ‍ർചിത്രമാണ് ആത്മഹത്യകുറിപ്പിൽ നിന്നും വ്യക്തമായത്. പഴയതും പുതിയതുമായ 17 മുറിവുകളാണ് ആരതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആരതി അമ്മക്ക് അയച്ച ചാറ്റിലും മർദ്ദനമേറ്റതിൻറെ ഫോട്ടോകളുണ്ട്. സ്വർണ്ണം പണയം വെച്ചതിൻറെയും മർദ്ദനത്തിൻറെയും വിവരങ്ങളെല്ലാം അതുലിൻറെ മാതാപിതാക്കൾക്കും അറിയാമെന്നാണ് ആരതിയുടെ അമ്മ പറഞ്ഞത്. സ്വർണ്ണമെടുത്തിട്ടും അതുലിന് വലിയ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് ആരതിയുടെ കുടുംബം പറയുന്നത്. ഇതേ ചൊല്ലി അതുലും ആരതിയും തമ്മിൽ തർക്കമുണ്ടായിരുന്നു. 

മറ്റൊരു പെൺകുട്ടിയുടെ പേരിലും പ്രശ്നങ്ങളുണ്ടായിരുന്നു പലതവണ വീട്ടിലേക്ക് വിളിച്ചിട്ടും ഭർത്താവിനോടുള്ള ഇഷ്ടം കാരണം ആരതി തിരികെ വന്നില്ലെന്നാണ് അമ്മ പറയുന്നത്. എന്നാൽ പരാതികളെല്ലാം അതുലിൻറെ കുടുംബം നിഷേധിക്കുകയാണ്. സ്വർണ്ണം പണയം വെച്ചത് ഇരുവരും ചേർന്ന് വാഹനം വാങ്ങാനാണെന്നാണ് അതുലിൻറെ അച്ഛൻ പറഞ്ഞത്. നിലവിൽ അതുലിനെതിരെ ആത്മഹത്യ പ്രേരണയ്ക്കും ഗാർഹിക പീഡന നിരോധന നിയമപ്രകാരവും കേസെടുത്തു.