കണ്ണൂർ: പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ തൃപ്തിയില്ലെന്ന് പ്രതിപക്ഷം. കേസ് ഐജി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, കേസിലെ വിശദാംശങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ഇന്ന് യോഗം ചേരും.

സാജന്‍റെ ഭാര്യ ബീനയെ രാവിലെ പത്തേകാലോടെയാണ് പ്രതിപക്ഷ നേതാവും എംഎൽഎമാരും സന്ദർശിച്ചത്. കൺവെൻഷൻ സെന്‍റർ അനുമതിയുമായി ബന്ധപ്പെട്ടുണ്ടായ തടസ്സങ്ങൾ ബീന വിവരിച്ചു. 24 മണിക്കൂറിനകം അനുമതി ലഭ്യമാക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം. അന്വേഷണ സംഘത്തിൽ തൃപ്തിയില്ലെന്നും ചെന്നിത്തല പറഞ്ഞു. 

നാർകോട്ടിക് ഡിവൈഎസ്പിയാണ് കേസന്വേഷണ സംഘത്തിന്‍റെ തലവൻ. നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസുള്ളത്. പി കെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നാണ് ആവശ്യം. 

നിലവിൽ ഈ കേസന്വേഷിക്കുന്നത് വളപട്ടണം പൊലീസാണ്. ശ്യാമളക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമോയെന്നതാണ് നിർണായകം. സാജന്‍റെ ആത്മഹത്യയിൽ എല്ലാ വശങ്ങളും പരിശോധിച്ചുള്ള സമഗ്രാന്വേഷണം വേണമെന്നാണ് സർക്കാർ നിർദേശം. 

കേസന്വേഷണത്തിൽ ഇടപെടില്ലെന്ന് സിപിഎം ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം, കെട്ടിട നിർമ്മാണങ്ങളുടെ അനുമതി സംബന്ധിച്ച തടസ്സങ്ങൾ കാരണം നഗരസഭകൾക്കും പഞ്ചായത്തുകൾക്കും കീഴിൽ ജനങ്ങൾ വലയുന്നത് പ്രതിപക്ഷവും ഏറ്റെടുക്കുകയാണ്. ഇന്നലെ ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.