തിരുവനന്തപുരം: തലശ്ശേരി ആന്തൂരിൽ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകകേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വച്ചു. പ്രവാസികൾക്കായി കേരളത്തിന്‍റെ പൊതുകാര്യങ്ങളിൽ പുറത്തുള്ള കേരളീയരെക്കൂടി കേൾക്കാനും അവരുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കാനുമുള്ള വേദിയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസർക്കാർ ലോകകേരളസഭ രൂപീകരിച്ചത്. പ്രവാസികളോടുള്ള സംസ്ഥാനസർക്കാരിന്‍റെ അവഗണനയിൽ പ്രതിഷേധിച്ച് സ്ഥാനം രാജി വയ്ക്കുകയാണെന്നാണ് ചെന്നിത്തല പറഞ്ഞത്.

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയെയും സിപിഎമ്മിനെയും സംരക്ഷിക്കുന്ന നിലപാടാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ സ്വീകരിച്ചത്. പി ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ വിമർശിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. അതേസമയം ശ്യാമളയ്ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു.

സാജന്‍റെ വ്യവസായ സംരംഭത്തിന് നഗരസഭ അനുമതി നിഷേധിച്ചപ്പോൾ പി ജയരാജനോട് പരാതിപ്പെട്ടതാണ് ശ്യാമളയുടെ വിരോധത്തിന്‍റെ കാരണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രധാന കുറ്റപ്പെടുത്തൽ. സാജൻ കണ്ണൂരിലെ സിപിഎം വിഭാഗീയതയുടെ ഇരയാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമർശനം. 

അടിയന്തരപ്രമേയത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയിൽ നിരവധി തവണ പ്രതിപക്ഷം പ്രതിഷേധിച്ചു. കണ്ണൂരിൽ അമ്യൂസ്മെൻറ് പാർക്ക് വരെ തുടങ്ങിയ സിപിഎം ഒരു പാവം പ്രവാസിയെ മരണത്തിലേക്ക് തള്ളിവിട്ടെന്ന് അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ കെഎം ഷാജി പറഞ്ഞു.ആര് തെറ്റ് ചെയ്താലും നടപടി ഉണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പക്ഷേ ശ്യാമളക്കെതിരെ ഒന്നും പറഞ്ഞില്ല. കെട്ടിട നിർമ്മാണങ്ങൾക്കുള്ള അനുമതി നൽകുന്നതിലടക്കം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതിപക്ഷം തൃപ്തരായില്ല. 

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇടക്ക് സഭ നിർത്തിവെച്ചെങ്കിലും വീണ്ടും ചേർന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതിന് പിന്നാലെ നടപടി പൂർത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.