ചിതാഭസ്മം എന്ത് ചെയ്യണമെന്ന് അഴീക്കോട് വില്‍പത്രത്തില്‍ എഴുതിവച്ചിട്ടില്ലെന്നും എന്താണ് ചെയ്യേണ്ടതെന്ന് ഉപദേശിക്കാന്‍ ആരുമില്ലെന്നും സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍
തൃശൂർ: മലയാളത്തിന്‍റെ സാഗര ഗര്‍ജനമായിരുന്ന സുകുമാര്‍ അഴീക്കോടിന്‍റെ പന്ത്രണ്ടാം ചരമ വാര്‍ഷികം ഇന്ന്. പന്ത്രണ്ടു കൊല്ലത്തിനിപ്പുറവും അഴീക്കോടിന്‍റെ ചിതാഭസ്മം ഇരവിമംഗലത്തെ വീട്ടിലെ അലമാരയില്‍ തന്നെയിരിക്കുന്നു. ചിതാഭസ്മം എന്ത് ചെയ്യണമെന്ന് അഴീക്കോട് വില്‍പത്രത്തില്‍ എഴുതിവച്ചിട്ടില്ലെന്നും എന്താണ് ചെയ്യേണ്ടതെന്ന് ഉപദേശിക്കാന്‍ ആരുമില്ലെന്നും സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ പറഞ്ഞു.
നിരന്തരം ഇടപെട്ടും തിരുത്തിയും മലയാളിയുടെ സാംസ്കാരിക ജീവിതത്തെ മുന്നോട്ടു നയിച്ച വാഗ്മിയും ചിന്തകനുമായിരുന്നു ഡോ സുകുമാര്‍ അഴീക്കോട്. എരവിമംഗലത്തുനിന്നുള്ള ഓരോ പുറപ്പാടിനുമുണ്ടായിരുന്നു കടലാഴം. തത്വമസിയെഴുതിയ അഴീക്കോട് ഓരോ വിഗ്രഹത്തെയും ഉടച്ചും തിരുത്തിയും നടന്ന കാലം. വിടവാങ്ങി പന്ത്രണ്ട് കൊല്ലത്തിനിപ്പുറം എരവിമംഗലത്തെ വീട് സാംസ്കാരിക വകുപ്പിന് കീഴില്‍ സ്മാരകമാണ്. അവഗണനയുടെ അടയാളങ്ങള്‍ ഇവിടെയും വീണു കിടക്കുന്നു. കിടപ്പുറിയിലെ അലമാരയില്‍ ചിതാഭസ്മം കുടത്തിലിരിപ്പുണ്ട്. കുടുക്കയിലടച്ചു വെയ്ക്കാന്‍ അഴീക്കോട് മാഷ് ഭൂതമല്ലെന്ന് കഴിഞ്ഞ 12 വർഷക്കാലവും അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ സാംസ്കാരിക വകുപ്പിനോടും സര്‍ക്കാരിനോടും സാഹിത്യ അക്കാദമിയോടുമൊക്കെ പറഞ്ഞതാണെന്ന് സാംസ്കാരിക പ്രവര്‍ത്തകനായ വിജേഷ് ഇടക്കുനി പറയുന്നു.
പുസ്തകങ്ങള്‍ അടുക്കിവച്ചതല്ലാതെ പഠിതാക്കള്‍ക്കായി തുറന്നു കൊടുത്തിട്ടില്ല. സര്‍ക്കാര്‍ അനുവദിച്ച ഗ്രാന്‍റ് കൊണ്ട് വീട് നവീകരിച്ചു സാഹിത്യ അക്കാദമി. കൂടുതല്‍ ഗ്രാന്‍റ് വേണം മുന്നോട്ടെന്തെങ്കിലും ചെയ്യാന്‍. ചിതാഭസ്മം അലമാരയിലടച്ചതിന് സാഹിത്യ അക്കാദമി അധ്യക്ഷന് പറയാനുള്ളത് ഇതാണ്- "ചിതാഭസ്തമത്തെ കുറിച്ച് അഴീക്കോട് ഒന്നും അദ്ദേഹത്തിന്‍റെ വില്‍പത്രത്തില്‍ എഴുതിവെച്ചിട്ടില്ല. എന്തുചെയ്യണമെന്ന് ഞങ്ങളെ ഉപദേശിക്കാന്‍ ആരുമില്ല. ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങളുടെ ഇഷ്ടംപോലെ കടലിലൊഴുക്കുകയോ അല്ലെങ്കില്‍ ഗംഗയില്‍ തന്നെ ഒഴുക്കുകയോ ചെയ്യാം. പക്ഷേ കൃത്യമായ നിർദേശം ഇല്ലാത്തിടത്തോളം ആ ചിതാഭസ്മം ഭദ്രമായി സൂക്ഷിക്കുക എന്നതാണ് ഞങ്ങള്‍ക്ക് ചെയ്യാവുന്നത്. അവിടെയൊരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അവരുടെ കൂടി അഭിപ്രായം സ്വരൂപിച്ച ശേഷം എന്തു ചെയ്യണമെന്ന് തീരുമാനിക്കാവുന്നതാണ്".
പുതിയ സമിതി രൂപീകരിച്ചിട്ടുണ്ട്. അവരെങ്കിലും അവഗണനയ്ക്ക് അറുതി വരുത്തുമെന്നാണ് പ്രതീക്ഷ.

