കോട്ടയം: ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഇത്തവണ വസ്തുതകൾ മനസിലാക്കി ജനങ്ങൾ വോട്ട് ചെയ്യുമെന്നും സുകുമാരൻ നായർ പറഞ്ഞു. വാഴപ്പള്ളി സെന്‍റെ. തെരേസാസ് സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ അസ്വസ്ഥരാണ്. അതിനാല്‍, ഇത്തവണ വസ്തുതകള്‍ മനസ്സിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യും. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ വിജയമാകണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മുന്നണികളോട് സമദൂര നിലപാടാണ്  എൻഎസ്എസിന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.