ഈ അവസ്ഥ തുടർന്നാൽ സൂര്യാതപത്തിനും ഉഷ്ണതരം​ഗത്തിനും സാധ്യത വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഏപ്രിൽ മാസങ്ങളിലാണ് ചൂട് ഏറ്റവും കൂടുതലാകുന്നത് എന്നിരിക്കെ ഈ വർഷം ഫെബ്രുവരിയിൽ തന്നെ വേനൽ അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. 

കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലാണ് കേരളത്തിൽ പ്രളയം വന്നുപോയത്. അന്ന് ചിലരെങ്കിലും പറഞ്ഞു, വരാനിരിക്കുന്നത് കടുത്ത വരൾച്ചയാണെന്ന്. ആ വാചകം അന്വർത്ഥമാകുന്ന അന്തരീക്ഷമാണ് ഇപ്പോൾ കേരളം നേരിട്ടു കൊണ്ടിരിക്കുന്നത്. ദിനംപ്രതി കേരളത്തിലെ ഓരോ ജില്ലയും ചുട്ടുപൊള്ളുകയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ വലിയ കാലാവസ്ഥാ വ്യതിയാനമാണ് സംസ്ഥാനത്ത് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ പല ജില്ലകളിലും ഉഷ്ണതരം​ഗത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

-മാർ‌ച്ച്, ഏപ്രിൽ, മെയ് മാസങ്ങളാണ് കേരളത്തിലെ വേനൽക്കാലം. മാർച്ച് മാസം പകുതിയൊക്കെ കഴിയുമ്പോഴാണ് വേനൽ കടുത്ത അവസ്ഥയിലേക്ക് എത്തുന്നത്. ചൂട് ക്രമേണ വർദ്ധിക്കാൻ ആരംഭിക്കുന്നത് ഈ മാസങ്ങളിലാണ്. എന്നാൽ ഈ വർഷം ഫെബ്രുവരി മുതൽ ചൂട് കൂടിയ അവസ്ഥയിലാണ്. വേനൽമഴ തുടങ്ങിയിട്ടേയുള്ളൂ. ഇപ്പോഴത്തെ കേരളത്തിലെ താപനില അനുസരിച്ച് ചൂട് നാല് ഡി​ഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.- കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ‌ കെ വി മിനി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പുറത്തിറക്കിയ വിശകലനക്കുറിപ്പിൽ‌ സംസ്ഥാനത്തെ പലയിടങ്ങളിലെയും താപനില 1.6 മുതൽ മൂന്ന് ഡി​ഗ്രി വരെ ശരാശരിയിൽ കൂടുതലായിഎന്ന് വ്യക്തമാക്കിയിരുന്നു. വേനൽമഴ ഇതുവരെ പെയ്തു തുടങ്ങിയിട്ടില്ല. ചൂട് വർദ്ധിക്കാൻ ഇതും കാരണമാണ്. ഈ അവസ്ഥ തുടർന്നാൽ സൂര്യാതപത്തിനും ഉഷ്ണതരം​ഗത്തിനും സാധ്യത വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഏപ്രിൽ മാസങ്ങളിലാണ് ചൂട് ഏറ്റവും കൂടുതലാകുന്നത് എന്നിരിക്കെ ഈ വർഷം ഫെബ്രുവരിയിൽ തന്നെ വേനൽ അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. 

പലയിടങ്ങളിലും കൃഷിയും മറ്റ് ഉപജീവനമാർ​ഗങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ പ്രധാന ഉപജീവനമാർ​ഗ്​ഗമായി ആടുവളർത്തൽ ജലക്ഷാമം മൂലം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. അതുപോലെ കുട്ടനാട്ടിൽ പലയിടത്തും കൃഷി നിർത്തി വച്ചിരിക്കുകയാണ്. ചൂടിനെ തരണം ചെയ്യാൻ തക്ക ശേഷിയുള്ള അട്ടപ്പാടി ബ്ലോക്ക് എന്നയിനം ആടുകളാണ് ഇവിടെയുള്ളത്. അവയ്ക്ക് പോലും ഈ വേനലിനെ മറികടക്കാൻ സാധിക്കുന്നില്ല. 

കോഴിക്കോട് ജില്ലയിലാണ് ചൂട് അധികമായി കാണപ്പെടുന്നത്. എന്നാൽ സംസ്ഥാനത്തെ പല ജില്ലകളിലും ഓരോ ദിവസവും അനുഭവപ്പെടുന്ന ചൂടുന്റെ താപനിലയിൽ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. 38 ഡി​ഗ്രി ചൂടാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കൂടിയ താപനില. ഇത് 41 ലേക്ക് എത്തുന്നതോടെ ഉഷ്ണ ത​രം​ഗവും സൂര്യഘാതവും അടക്കം സംഭവിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ‌ മാസത്തിൽ പാലക്കാട്, പുനലൂർ എന്നിവിടങ്ങളിൽ താപനില 41 ഡി​​ഗ്രിക്ക് മുകളിൽ എത്തിയിരുന്നു. ഈ വർഷം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലകൾ കോട്ടയം, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളാണ്. വേനൽമഴ ലഭിച്ചില്ലെങ്കിൽ പല ജില്ലകളിലും സൂര്യാഘാതമുണ്ടാകാൻ സാധ്യതയുണ്ട്. 

നിലവിലെ സാഹചര്യത്തിൽ നാല് ഡി​ഗ്രി വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. ഈ നിലയിൽ പോയാൽ പന്ത്രണ്ടാം തീയതിയാവുമ്പോൾ താപനില 10 ഡിഗ്രി വരെ ഉയരാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണകേന്ദ്രത്തിന്‍റെ ഗ്രാഫുകൾ പറയുന്നത്. ഈ വർദ്ധനവ് സൂര്യാഘാതത്തിനും മുകളിൽ ഉഷ്ണതരംഗമെന്ന് അവസ്ഥയാണ്. വേനൽ ക്രമാതീതമായി കടുത്താൽ കാട്ടു തീ പടർന്നു പിടിക്കാനും സാധ്യതയുണ്ട്. ചുരുക്കത്തിൽ എല്ലാ അർത്ഥത്തിലും ജനജീവിതത്തെ പൊള്ളിക്കുകയാണ് ഈ വർഷത്തെ വേനൽക്കാലം