കോഴിക്കോട്: സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവ് ലഭിച്ചിട്ടും സംസ്ഥാനത്തെ മിക്ക ആരാധനാലയങ്ങളിലും കുർബ്ബാനകൾ നടന്നത് വിശ്വാസികളില്ലാതെ. കൊവിഡ് മുൻകരുതലിന്റെ ഭാഗമായി വിശ്വാസികൾ എത്തേണ്ടതില്ലെന്ന് മിക്ക സഭാ നേതൃത്വങ്ങളും അറിയിച്ചിരുന്നു. അതേസമയം കോഴിക്കോടും തിരുവനന്തപുരത്തും ചില ദേവാലയങ്ങളിൽ മുൻകരുതലുകൾ പാലിച്ച് വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തു.

ജൂൺ എട്ടാം തീയതി മുതൽ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സർക്കാർ ഞായറാഴ്ച്ചകളിൽ ആരാധനാലയങ്ങളിൽ പോകുന്നവർക്ക് ഇളവ് നൽകിയത്. എന്നാൽ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജൂൺ മുപ്പത് വരെ സ്വയം മുൻകരുതലുകൾ സ്വീകരിക്കാനാണ് മിക്ക സഭകളുടെയും തീരുമാനം. അതിനാൽ സംസ്ഥാനത്തെ ഭൂരിഭാഗം ക്രിസ്ത്യൻ ദേവാലയങ്ങളിലും ഇന്നും വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് കുർബ്ബാന നടന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വൈദികനും ശുശ്രൂഷികളും മാത്രമാണ് പള്ളികളിൽ ഉണ്ടായിരുന്നത്. വിശ്വാസികൾക്ക് ഓൺലൈനായി പ്രാർത്ഥനയിൽ പങ്കെടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.

താമശ്ശേരി, കോഴിക്കോട് രൂപതകളിലും തിരുവനന്തപുരത്തെ ചില പള്ളികളിലും നിരവധി വിശ്വാസികളെ പങ്കെടുപ്പിച്ച് കുർബ്ബാനകൾ നടന്നു. സാനിറ്റൈസറും മാസ്കും സാമൂഹിക അകലവും നിര്‍ബന്ധമാക്കിയായിരുന്നു പ്രാര്‍ത്ഥന. പേരുകൾ മുൻകൂട്ടി രജിസ്റ്റര്‍ ചെയ്തവരെയാണ് പ്രാര്‍ത്ഥനകളില്‍ അനുവദിച്ചതെന്ന് അനുവദിച്ചതെന്ന് കോഴിക്കോട് സെന്‍റ് ജോസഫ് പള്ളിയിലെ ഫാ. ജിജോ പള്ളിപ്പറമ്പൽ പ്രതികരിക്കുന്നു. പത്ത് വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും മുൻകരുതലിന്റെ ഭാഗമായി പള്ളികളിൽ പ്രവേശനം നേരത്തെ തന്നെ വിലക്കിയിട്ടുണ്ട്.