രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗൊലുവിൻ്റെ റിപ്പോർട്ട് പ്രകാരം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 90 സീറ്റുകളിൽ ജയസാധ്യത. തദ്ദേശ തെരഞ്ഞെടുപ്പിലെ മുൻതൂക്കവും രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തിയുള്ളതാണ് റിപ്പോർട്ട്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മുൻതൂക്കത്തിനപ്പുറം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയിക്കാനാവുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗൊലുവിൻ്റെ റിപ്പോർട്ട്. ഇന്നലെ രാത്രി ചേർന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ 80 സീറ്റുകളിലാണ് മുൻതൂക്കമുള്ളത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 90 സീറ്റുകളിൽ ജയസാധ്യതയുണ്ടെന്ന് സുനിൽ കനുഗൊലു റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കളോട് പറഞ്ഞു. ഇത് കോൺഗ്രസ് ക്യാംപിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

സുനിൽ കനുഗൊലുവിൻ്റെ റിപ്പോർട്ട് ജയസാധ്യതകൾ മനസ്സിലാക്കാൻ ഉപയോഗപ്പെടുത്തുമെങ്കിലും സ്ഥാനാർത്ഥി നിർണയത്തിൽ യുഡിഎഫ് നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കുക. ഇക്കാര്യം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകൂടി ചേർത്താണ് സുനിൽ കനുഗൊലു പ്രധാന നേതാക്കൾക്ക് മുൻപിൽ റിപ്പോർട്ട് അവതരിപ്പിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും സാമുദായിക സംഘടനകളുടെ സ്വാധീനവും രാഷ്ട്രീയ വിഷയങ്ങളും റിപ്പോർട്ടിൽ അവതരിപ്പിച്ചു.

ഭരണപക്ഷ എംഎൽഎമാരുടെ നിലവിലെ ജനപ്രീതിയും സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള കോൺഗ്രസ്‌ നേതാക്കളുടെ സ്വീകാര്യതയും വിശദമായി പഠിച്ച് തയ്യാറാക്കിയതാണ് റിപ്പോർട്ട്. എന്നാൽ റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം യോഗത്തിൽ അവതരിപ്പിച്ചിട്ടില്ല. സീറ്റ് വിഭജന ചർച്ചകൾ തർക്കങ്ങൾ ഇല്ലാതെ പൂർത്തിയാക്കുമെന്ന ആത്മവിശ്വാസമാണ് നേതാക്കൾ പ്രകടിപ്പിക്കുന്നത്.