കേരളത്തിലെ കോൺഗ്രസുകാർ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് ജനമാഗ്രഹിക്കുന്നത്. എന്റെ കാര്യമല്ല നമ്മുടെ കാര്യം എന്ന നിലയിൽ ചിന്തിക്കണം. 

തിരുവനന്തപുരം: കോണ്‍ഗ്രസിനെ ഭരണത്തിൽ തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയോടെ കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആവേശം നിറഞ്ഞു നിന്ന അന്തരീക്ഷത്തിലായിരുന്നു പുതിയ നേതൃത്വത്തിന്‍റെ സ്ഥാനരോഹണം. പിണറായി സര്‍ക്കാരിന്‍റെ ദുര്‍ഭരണം അവസാനിപ്പിക്കുമെന്നും പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. 

രാവിലെ മുതൽ ഇന്ദിരാഭവനിൽ പുതിയ നേതൃത്വം ചുമതലയേൽക്കുന്നതിന്‍റെ ആവേശത്തിലായിരുന്നു. സ്ഥാനരോഹണത്തിന് സാക്ഷിയാകാൻ പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി അസ്ഥാനത്തേയ്ക്ക് കൂട്ടത്തോടെ എത്തി. സ്ഥാനമൊഴിയുന്ന അധ്യക്ഷനിൽ നിന്ന് പുതിയ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ചുമതലയേറ്റു. ഒപ്പം യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വര്‍ക്കിങ് പ്രസിഡന്‍റുമാരായ പിസി വിഷ്ണുനാഥും ഷാഫി പറമ്പിലും എപി അനിൽകുമാറും എത്തി. പുതിയ നേതൃത്വത്തിൽ വാനോളം പ്രശംസിച്ചും യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷയര്‍പ്പിച്ചും നേതാക്കള്‍ പ്രസം​ഗിച്ചു. 

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും പ്രസം​ഗിച്ചു. പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടു പോകുമെന്ന് പുതിയ കെപിസിസി അധ്യക്ഷനൻ പറഞ്ഞു. യുഡിഎഫിനെ അധികാരത്തിലെത്തിക്കുമെന്ന് പുതിയ കണ്‍വീനറും വ്യക്തമാക്കി. ചുമതലയേൽക്കും മുമ്പ് പുതിയ നേതൃത്വം പ്രവര്‍ത്തക സമിതി അംഗം എകെ ആന്‍റണിയെ വീട്ടിലെത്തി കണ്ടിരുന്നു. പുതിയ കെപിസിസി പ്രസിഡന്‍റിനെ കത്തോലിക്ക സഭ നിര്‍ദ്ദേശിച്ചെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് സണ്ണി ജോസഫ് മലയോര കര്‍ഷകന്‍റെ പുത്രനെന്ന ആന്‍റണിയുടെ വാക്കുകള്‍ ഉണ്ടായത്. 

ഒരു ടീം പാക്കേജ് വേണം എന്നത് കൊണ്ടാണ് ഹസനെ മാറ്റിയതെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. അടൂർ പ്രകാശിൽ വലിയ പ്രതീക്ഷയുണ്ട്. കേരളത്തിലെ കോൺഗ്രസുകാർ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് ജനമാഗ്രഹിക്കുന്നത്. എന്റെ കാര്യമല്ല നമ്മുടെ കാര്യം എന്ന നിലയിൽ ചിന്തിക്കണം. എവിടെയൊക്കെ മാറ്റം വേണോ അതൊക്കെ വേഗത്തിൽ ചെയ്യാൻ സണ്ണിക്ക് പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. അടുത്ത സർക്കാർ യുഡിഎഫ് ആയിരിക്കുമെന്നും കെസി വേണു​ഗോപാൽ പറ‍ഞ്ഞു. 

നൂറിലധികം സീറ്റ് നേടി അധികാരത്തിൽ വരുമെന്നും അഖിലേന്ത്യ കമ്മിറ്റിക്ക് ഞങ്ങളുടെ വാക്കാണിതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സണ്ണി ജോസഫ് ഏതെങ്കിലും വിഭാഗത്തിന്റെ പ്രതിനിധി അല്ലെന്ന് രമേഷ് ചെന്നിത്തലയും പറഞ്ഞു. അടൂർ പ്രകാശ് ഒരു ഭാഗ്യ താരകമാണ്. ജനങ്ങൾ ഒന്നേ പറയുന്നുള്ളു, കോൺഗ്രസ്‌ കാർ ഒന്നിച്ചു നിൽക്കണം എന്നാണ്. യുഡിഎഫ് വരാൻ കേരളം കാത്തിരിക്കുകയാണെന്നും ചെന്നിത്തല പറ‍ഞ്ഞു. 

താൻ കെപിസിസി അധ്യക്ഷനായി ഇരിക്കുന്ന കാലത്തുണ്ടായ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു സ്ഥാനമൊഴിഞ്ഞ കെ സുധാകരൻ്റെ പ്രസംഗം. സിയുസി പൂർത്തിയാക്കാൻ കഴിഞ്ഞില്ല, അത് സണ്ണിയെ ഏൽപ്പിക്കുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു. തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം ഉണ്ടാക്കാൻ കഴിഞ്ഞു. പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല. പ്രവർത്തകർ ആണ് എന്റെ കരുത്ത്. സിപിഎമ്മിനെതിരെ ഒരു പടക്കുതിര ആയി ഞാൻ ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു. കെപിസിസി ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലാണ് സുധാകരൻ്റെ പരാമർ‌ശം. ഭരണകൂടങ്ങളുമായി നോ കോംപ്രമൈസ് എന്നാണ് എന്റെ ശൈലി. ഇരട്ട ചങ്ക് ഉള്ളവരോടും നിലപാടിൽ മാറ്റമില്ല. ഗർഖയോടും രാഹുൽഗാന്ധിയോടും നന്ദി പറയുന്നു. വർക്കിംഗ് കമ്മിറ്റിയിലേക്ക് നിയോഗിച്ചതിനും നന്ദി. സണ്ണി ജോസഫ് എന്റെ അനുജനാണ്. സണ്ണിയുടെ രാഷ്ട്രീയ നേട്ടത്തിൽ അഭിമാനമുണ്ട്. അന്തരിച്ച പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡണ്ട് എം‌ജി കണ്ണന്റെ കുടുംബത്തിന് കെപിസിസി 5 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കെ സുധാകരൻ പറഞ്ഞു. 

ട്രംപിന്റെ ​ഗൾഫ് സന്ദർശനത്തിന് നാളെ തുടക്കം, ആദ്യം സൗദിയിലേക്ക്, ഖത്തറും യുഎഇയും സന്ദർശിക്കും

നിയന്ത്രണംവിട്ട കാർ വഴിയാത്രക്കാരായ 3 പേരെ ഇടിച്ചു, ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം; അപകടം കോട്ടയത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം