Asianet News MalayalamAsianet News Malayalam

'ശബരിമലയില്‍' നിലപാടുള്ളത് മുഖ്യമന്ത്രിക്ക് മാത്രം; സിപിഎം സവര്‍ണരുടെ താല്‍പ്പര്യത്തിനൊപ്പമെന്ന് സണ്ണി എം കപിക്കാട്

ശബരിമല വിഷയത്തില്‍  പിണറായി വിജയന്‍ മാത്രമാണ് ശക്തമായ നിലപാടെടുത്തത്. ഒളിഞ്ഞും തെളിഞ്ഞും ഈ നിലപാടിനെ അട്ടിമറിക്കാനാണ് സിപിഎം ആദ്യം മുതല്‍ ശ്രമിച്ചതെന്ന് സണ്ണി എം കപിക്കാട് ആരോപിച്ചു.

sunny m kapikadu against kodiyeri balakrishnan and cpm on sabarimala double stand
Author
Thiruvananthapuram, First Published Jul 23, 2019, 3:57 PM IST

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ സിപിഎം ഒളിച്ചുകളി നടത്തുകയാണെന്നും  ഉറച്ച നിലപാടുള്ളത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണെന്നും ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സിപിഎം നിലപാടില്‍ നിന്നും പിന്നോട്ട് പോയി. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വച്ച  അഭിപ്രായങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. യഥാര്‍ത്ഥത്തില്‍ സിപിഎം ഒളിച്ചുകളി നടത്തുകയാണെന്ന് സണ്ണി എം കപിക്കാട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറ‍ഞ്ഞു.

ശബരിമല വിഷയത്തിലെ ജനവികാരം തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്ക് പല തെറ്റിദ്ധാരണകളുമുണ്ടായിട്ടുണ്ട്. സിപിഎം സംസ്ഥാന വ്യാപകമായി നടത്തുന്ന ഭവന സന്ദര്‍ശനത്തില്‍ നിന്നും ബോധ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിഞ്ഞുള്ള നടപടികള്‍ ഇടതുപക്ഷത്തില്‍ നിന്നുമുണ്ടായില്ലെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു, അക്കാര്യങ്ങളില്‍ തിരുത്തലുണ്ടാകുമെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന.

തെരഞ്ഞെടുപ്പിന് ശേഷം ശബരിമല നിലപാട് ദോഷം ചെയ്തെന്നായിരുന്നു സിപിഎമ്മിന്‍റെ നിലപാട്. ശബരിമലയില്‍ തെറ്റ് പറ്റി, അത് തിരുത്തുമെന്ന് കോടിയേരി പറയുമ്പോള്‍ ശബരിമല വിഷയത്തില്‍ സുപ്രീം കോടതി മുന്നോട്ട് വച്ച വിധി നടപ്പിലാക്കേണ്ടതില്ലെന്നും അത് കേരളത്തിന്‍റെ പൊതുതാല്‍പ്പര്യത്തിന് എതിരാണെന്നുമാണ് പറഞ്ഞുവയ്ക്കുന്നതെന്ന് സണ്ണി എം കപിക്കാട് പറയുന്നു. സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെ സമൂഹത്തില്‍ സ്ഥാപിക്കേണ്ടതില്ലെന്നാണ് കോടിയേരി പറയുന്നതിന്‍റെ അര്‍ത്ഥം. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നുവെന്ന് ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്ന ദുരാചാരത്തിന്‍റെ പേരിലാണ് കോടിയേരി അത് പറയുന്നത്- സണ്ണി എം കപിക്കാട് ആരോപിച്ചു.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് പിണറായി വിജയന്‍ നിലപാടെടുത്തതിലൂടെ കേരളത്തിലെ സവര്‍ണ സമൂഹങ്ങള്‍ സിപിഎമ്മിന് വോട്ട് നല്‍കിയില്ല, അതുകൊണ്ടാണ് പാര്‍ട്ടി പരാജയപ്പെട്ടത്, ആ തെറ്റ് തിരുത്തുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ് വയ്ക്കുന്നത്. ഫലത്തില്‍ കേരളത്തിലെ സവര്‍ണ സമുദായങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് കീഴ്‍പ്പെട്ട് നില്‍ക്കുക എന്നതാണ് കോടിയേരി പറയുന്നതിലെ അര്‍ത്ഥം, മറ്റൊന്നുമില്ല.

"

യഥാര്‍ത്ഥത്തില്‍ ശബരിമല നിലപാടില്‍  മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വലിയ വോട്ട് നഷ്ടപ്പെട്ടിട്ടില്ല. ശബരിമലയെന്ന വിഷയത്തില്‍ തട്ടി വലിയ വോട്ട് മറിക്കല്‍ നടന്നിട്ടില്ല. തിരുവനന്തപുരത്ത് നഗരപ്രദേശങ്ങളില്‍ നിന്നും നായര്‍ വോട്ടുകള്‍ തനിക്ക് കിട്ടിയില്ലെന്ന് തെരഞ്ഞെടുപ്പിന് ശേഷം ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തുറന്ന് പറഞ്ഞിരുന്നു. പത്തനംതിട്ടയില്‍ സവര്‍ണ്ണസമുദായം തനിക്ക് വോട്ട് ചെയ്തില്ലെന്നാണ് കെ സുരേന്ദ്രനും പറഞ്ഞത്. പിന്നെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്താണീ പറയുന്നത് ? യഥാര്‍ത്ഥത്തില്‍ സിപിഎം സവര്‍ണ്ണ സേവയുടെ പ്രത്യക്ഷ വക്താക്കളായിരിക്കുകയാണെന്ന് സണ്ണി എം കപിക്കാട് കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിന് മുമ്പ് കാസര്‍കോട് നടന്ന കൊലപാതകമാണ് യഥാര്‍ത്ഥത്തില്‍ സിപിഎമ്മിനെ മൂലയ്‍ക്കിരുത്തിയത്. സിപിഎമ്മിന്‍റെ കൈയ്യില്‍ നിന്നും മലബാര്‍ പോയതിന് പ്രധാന കാരണമതാണ്. അത്തരം കൊലപാതകങ്ങളെ നിരന്തരം ന്യായീകരിച്ചുകൊണ്ടിരിക്കുന്ന പി ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ പാര്‍ട്ടിയുടെ ധാര്‍മ്മികതയും പൊതുജനമധ്യത്തില്‍ നഷ്ടപ്പെട്ടു. ഇത്തരം വസ്തുതാപരമായ ഘടകങ്ങളെ മറച്ചുവച്ച് സവര്‍ണ സമുദായം പരമ്പരാഗതമായി വോട്ട് ചെയ്യുന്നവരാണെന്നും ഇത്തവണ ശബരിമലയില്‍ തട്ടി പാര്‍ട്ടിക്ക് എതിരായി വോട്ട് ചെയ്തുവെന്നുമാണ് കോടിയേരി പറഞ്ഞ് വയ്ക്കുന്നത്. ഇത് കള്ളത്തരമാണ്. പാര്‍ട്ടി തെറ്റു തിരുത്തണം. നവോത്ഥാന മൂല്യം ഉയര്‍ത്തിപ്പിടിക്കുമെന്നും കേരളീയ സമൂഹത്തെ ആധുനികവത്കരിച്ച സാമൂഹിക പ്രതിബദ്ധതയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അടിയുറച്ച് നില്‍ക്കുമെന്നും തുറന്ന് പറഞ്ഞാണ് ആ തെറ്റ് തിരുത്തേണ്ടത്. അല്ലാതെ എന്‍എസ്എസിന്‍റെ പുറകെ മുട്ടിലിഴയുമെന്ന് പറയുന്നത് ചതിയാണ്.

വ്യത്യസ്ഥ സമുദായിക വിഭാഗങ്ങളുടെ പിന്തുണയുമായി നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപീകരിച്ചെങ്കിലും ആ സമിതിയുമായി സഹകരിക്കാനോ പിന്തുണയ്ക്കാനോ സിപിഎം തുടക്കം മുതല്‍ തയ്യാറായില്ല. പിണറായി വിജയന്‍ ചില സമ്മേളനങ്ങള്‍ നടത്തിയതൊഴിച്ചാല്‍, തുല്യനീതിയെക്കുറിച്ചും ഭരണഘടനാ വാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ചും എന്ത് പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഇടത് മുന്നണി നടത്തിയത് ? വനിതാമതില്‍ നടക്കുമ്പോള്‍ തന്നെ ഇതിന് ശബരിമലയോട് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞയാളാണ് കോടിയേരി ബാലകൃഷ്ണന്‍. 

വനിതാമതില്‍ നവോത്ഥാന മൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള നിലപാടാണെന്നോ,  സ്ത്രീ നീതിക്ക് വേണ്ടിയും ഭരണഘടനാ വാഴ്ചയ്ക്ക് വേണ്ടിയുമുള്ള നിലപാടാണെന്നോ ഡിവൈഎഫ്ഐയോ, ജനാധിപത്യമഹിളാ അസോസിയേഷനോ ഒരു സംഘടനയും പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറായില്ലെന്നും കപിക്കാട് കുറ്റപ്പെടുത്തി. അവരൊക്കെ വീട്ടിനകത്ത് കയറി ഇരുന്നത്. പിണറായി വിജയന്‍ മാത്രമാണ് ശക്തമായ നിലപാടെടുത്ത്. ഒളിഞ്ഞും തെളിഞ്ഞും ഈ നിലപാടിനെ അട്ടിമറിക്കാനാണ് സിപിഎം ആദ്യം മുതല്‍ ശ്രമിച്ചത്. യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള സവര്‍ണ ലോബി ഇതിനായി കൗശലപൂര്‍വം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും സണ്ണി എം കപിക്കാട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ശബരിമലയില്‍ കോടിയേരി എടുത്ത ഈ നിലപാട് വനിതാമതിലിനൊപ്പം നിലനിന്ന വിവിധ സമുദായത്തിലെ സ്ത്രീകളോടുള്ള തിരിഞ്ഞ് കൊത്തലാണ്, ഇരട്ടത്താപ്പാണ്. തെറ്റിദ്ധാരണകള്‍ തിരുത്തുമെന്ന് പാര്‍ട്ടി സെക്രട്ടറി  പറയുമ്പോള്‍ എന്ത് തെറ്റിദ്ധാരണയാണ് ഉണ്ടായതെന്ന് വ്യക്തമാക്കണം. ശബരിമലയിലെ കോടതി വിധി ഉയര്‍ത്തിപ്പിടിച്ചത് തെറ്റായിപ്പോയെന്നാണോ ? അതോ പിണറായി വിജയന്‍ കോടതി വിധി നടപ്പിലാക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ തെറ്റായിപ്പോയെന്നാണോ ? സ്ത്രീകള്‍ ശബരിമലയില്‍ പോയത് തെറ്റായിപ്പോയി എന്നാണോ ?- കപിക്കാട് ചോദിക്കുന്നു.

Follow Us:
Download App:
  • android
  • ios