Asianet News MalayalamAsianet News Malayalam

സപ്ലൈകോയുടെ പ്രതിസന്ധി; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കുടിശ്ശികയായി കിട്ടാനുള്ളത് 3750 കോടി

സബ്സിഡി ഉത്പന്നങ്ങൾക്ക് വില കൂട്ടില്ലെന്ന പ്രഖ്യാപിത നിലപാട് തിരുത്തുന്നതിൽ മുന്നണിയിലും അഭിപ്രായ സമന്വയമായില്ല. സപ്ലൈകോയിലെ പ്രതിസന്ധി ഇങ്ങനെ തുടർന്നാൽ കൈവിട്ടുപോകുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.

Supplyco Crisis 3750 crores due from central and state governments nbu
Author
First Published Oct 28, 2023, 9:19 AM IST

കൊച്ചി: 3700 കോടിയിലേറെ കുടിശ്ശിക കിട്ടാനുള്ള സപ്ലൈകോയുടെ പ്രതിസന്ധി എങ്ങനെ പരിഹരിക്കണമെന്ന് വ്യക്തതയില്ലാതെ സർക്കാർ. സബ്സിഡി ഉത്പന്നങ്ങൾക്ക് വില കൂട്ടില്ലെന്ന പ്രഖ്യാപിത നിലപാട് തിരുത്തുന്നതിൽ മുന്നണിയിലും അഭിപ്രായ സമന്വയമായില്ല. സപ്ലൈകോയിലെ പ്രതിസന്ധി ഇങ്ങനെ തുടർന്നാൽ കൈവിട്ടുപോകുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.

സപ്ലൈകോയിലെ 13 ഇന സബ്സിഡി ഉത്പന്നങ്ങളിൽ 5 എണ്ണം പോലും എവിടെയുമില്ല. പഴി ഉയരുമ്പോൾ കാലിയാകുന്ന കീശയാണ് സപ്ലൈകോയുടെ മറുപടി. അതും 2012 മുതൽ വിപണി ഇടപെടലിനായി ചിലവഴിച്ചതിൽ വന്ന വലിയ ബാധ്യതയാണ്. നെല്ല് സംഭരണം, റേഷൻ കടകൾ വഴിയുള്ള അരി വിതരണം, അവശ്യ സാധനങ്ങളുടെ വില നിയന്ത്രണം, വിലക്കയറ്റം ഒഴിവാക്കി വിപണിയിൽ നേരിട്ട് ഇടപെട്ട് സാധാരണക്കാരന് കുറഞ്ഞ ചിലവിൽ ഭക്ഷ്യ ഉത്പന്നങ്ങൾ ലഭ്യമാക്കാനാണ് സപ്ലൈകോ. എന്നാൽ 3750 കോടി രൂപയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്ന് സപ്ലൈകോയ്ക്ക് കിട്ടാനുള്ളത്. ഇതിൽ 2700 കോടി രൂപ സംസ്ഥാന സർക്കാർ കുടിശ്ശികയാണ്. 850 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്നും മുടങ്ങി. 

2012 മുതൽ ഇത് വരെ വിപണി ഇടപെടലിനായി സബ്സിഡി ഉത്പന്നങ്ങൾ ലഭ്യമാക്കി 1525 കോടി രൂപയാണ് സപ്ലൈകോ ചിലവഴിച്ചത്. എന്നാൽ ഇതിൽ പല തവണകളിലായി സംസ്ഥാന സർക്കാരിൽ നിന്നും കിട്ടിയത് 140 കോടി രൂപ മാത്രമാണ്. വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി, തൊഴിൽ സാമൂഹ്യനീതി വകുപ്പുകൾ വഴി ലഭ്യമാക്കിയ ഭക്ഷ്യ കിറ്റ് ഇനത്തിലും 200 കോടി രൂപ സപ്ലൈകോയ്ക്ക് കിട്ടാനുണ്ട്. ചിലവഴിച്ച വലിയ തുക മുടങ്ങി കിടക്കുമ്പോൾ കരാറുകാർക്ക് സപ്ലൈകോയും മുടക്കി 600 കോടി രൂപ. ഇതാണ് കാലിയായ റാക്കുകൾക്ക് കാരണവും.

സാമ്പത്തികബാധ്യത പ്രവർത്തനത്തെ ബാധിക്കുന്ന അവസ്ഥയിലാണ് സപ്ലൈകോ സിഎംഡിയുടെ ചുമതലയുള്ള ശ്രീറാം വെങ്കിട്ടരാമൻ ഭക്ഷ്യമന്ത്രിക്ക് കത്തയച്ചത്. എന്നാൽ കുടിശ്ശിക അനുവദിക്കുന്നതിലോ, സബ്സിഡി ഉത്പന്നങ്ങളുടെ വില ഉയർത്തുന്നതിലോ ഭക്ഷ്യവകുപ്പിന് മാത്രം ഒന്നും ചെയ്യാനാകില്ല. കാലിയായ ഖജനാവ് ചൂണ്ടി സപ്ലൈകോ കുടിശ്ശികയിൽ തത്കാലം തീരുമാനമില്ലെന്ന് കൈമലർത്തുകയാണ് ധനവകുപ്പ്. തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ സബ്സിഡി ഉത്പന്നങ്ങളുടെ വില കൂട്ടുന്നതിൽ ഇടതുമുന്നണിയിലും ആശയക്കുഴപ്പം.

Follow Us:
Download App:
  • android
  • ios