പ്രതിസന്ധി രൂക്ഷം, സബ്‌സിഡി ഉത്പന്നങ്ങൾ എത്തുന്നില്ല; സപ്ലൈകോ സ്റ്റോറുകൾക്ക് വൻ വരുമാന നഷ്ടം
പ്രതിദിന വിറ്റുവരവ് മൂന്നിലൊന്നായി കുറഞ്ഞതോടെ സപ്ലൈകോ സ്റ്റോറുകളുടെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. താത്കാലിക ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും വകയില്ല.

കണ്ണൂര്‍/ കോട്ടയം: സബ്‌സിഡി സാധനങ്ങൾ എത്തുന്നത് നിലച്ചതോടെ സാധാരണക്കാർക്കുണ്ടാകുന്ന തിരിച്ചടിക്കൊപ്പം സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകൾക്ക് വൻ വരുമാന നഷ്ടവും. പ്രതിദിന വിറ്റുവരവ് മൂന്നിലൊന്നായി കുറഞ്ഞതോടെ സപ്ലൈകോ സ്റ്റോറുകളുടെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. താത്കാലിക ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും വകയില്ല. സപ്ലൈകോയെ ആശ്രയിച്ചു കഴിയുന്ന നിരവധി ദിവസ വേതനക്കാർക്ക് ജോലിയും നഷ്ടമായി.
കണ്ണൂരിലെ പീപ്പിൾസ് ബസാറിന് മാസം ഒന്നരക്കോടി വരെ വിറ്റുവരവുണ്ടായിരുന്നു. സപ്ലൈകോയിൽ സബ്സിഡി ഉത്പന്നങ്ങള്‍ ലഭ്യമല്ലാതെ വന്നതോടെ ആളുകള്‍ കുറഞ്ഞു, ഒപ്പം കച്ചവടവും. പീപ്പിൾസ് ബസാറിൽ ഇന്ന് വരുമാനം കഷ്ടിച്ച് എഴുപത് ലക്ഷമായി കുറഞ്ഞു. പ്രതിദിനം അഞ്ച് മുതൽ ഏഴ് ലക്ഷം വരെ വരുമാനമുള്ളത് രണ്ടര ലക്ഷമായി കുറഞ്ഞു. സബ്സിഡിയില്ലാത്ത സാധനങ്ങൾ നൽകുന്ന കമ്പനികൾക്കും മാസങ്ങളായി കുടിശ്ശികയാണ്. അവരുടെ പ്രൊമോട്ടർമാരായി ദിവസ വേതനത്തിന് ജോലിയെടുക്കുന്നവരുണ്ട്. പലരെയും പിരിച്ചുവിട്ടു. സപ്ലൈകോ സ്റ്റോറുകളിലെ താത്കാലിക ജോലിക്കാരിൽ അധികവും സ്ത്രീകളാണ്. അവരില്‍ പലരുടെയും ജോലി പോയി. ബാക്കിയുളളവർക്ക് ശമ്പളം മുടങ്ങി. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമീണ മേഖലകളിലെ സ്റ്റോറുകളിലും ഇത് തന്നെയാണ് അവസ്ഥ.
25 മുതല്‍ 30 ലക്ഷം വരെ പ്രതിമാസം വിറ്റുവരവുണ്ടായിരുന്ന സൂപ്പര്‍ മാര്‍ക്കറ്റാണ് പാമ്പാടിയിലേത്. സബ്സിഡി സാധനങ്ങളുടെ വരവ് നിലച്ചതോടെ വരുമാനം 10 ലക്ഷത്തോളം കുറഞ്ഞു. പ്രതിമാസ ടാര്‍ജറ്റ് നേടിയില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളത്തെയും ഇത് ബാധിക്കും. പാക്കിംഗ് സെക്ഷനില്‍ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ക്കും വരുമാനം മുടങ്ങുന്ന സ്ഥിതി. ഒരിടത്ത് എന്നല്ല, ഗ്രാമീണ മേഖലയില്‍ 15 ലക്ഷത്തിനും 25 ലക്ഷത്തിനുമിടയില്‍ വിറ്റുവരവുണ്ടായിരുന്ന സപ്ലൈകോ ഷോപ്പുകളിലെല്ലാം വരുമാനം നേര്‍പകുതിയായി കുറഞ്ഞെന്നതാണ് സമീപകാല അനുഭവം.