Asianet News MalayalamAsianet News Malayalam

സപ്ലൈകോയ്ക്ക് സാധനം നൽകിയ ചെറുകിട വിതരണക്കാര്‍ക്ക് കിട്ടാനുള്ളത് 400 കോടി രൂപ, പലരും ജപ്തിഭീഷണിയിൽ, സൂചനാസമരം

ഒന്നും രണ്ടും മാസത്തെയല്ല ജൂൺ മാസം മുതലിങ്ങോട്ട് ഏഴ് മാസങ്ങളായി കൊടുത്ത സാധനങ്ങള്‍ക്ക് പണം കിട്ടുന്നില്ല. കടം വാങ്ങിയും ബാങ്ക് ലോണെടുത്തുമെല്ലാം കച്ചവടം ചെയ്യുന്ന ചെറുകിട കച്ചവടക്കാര്‍ പ്രതിസന്ധിയില്‍

Supplyco to give 400 crores to small scale distributors SSM
Author
First Published Dec 29, 2023, 8:34 AM IST

കൊച്ചി: സപ്ലൈകോയ്ക്ക് സാധനം നല്‍കിയ വകയില്‍ ചെറുകിട വിതരണക്കാര്‍ക്ക് കിട്ടാനുള്ളത് 400 കോടി രൂപ. കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചെറുകിട ഉത്പാദകരും വിതരണക്കാരും എറണാകുളം സപ്ലൈകോ ഹെഡ് ഓഫീസിന് മുന്നിൽ സൂചനാ സമരം നടത്തി.

സംസ്ഥാനത്തെ ഇരുനൂറ്റമ്പതോളം ചെറുകിട ഉത്പാദകരും വിതരണക്കാരുമാണ് സപ്ലൈകോയ്ക്ക് സാധനങ്ങള്‍ നല്‍കി പെരുവഴിയിലായത്. ഒരു കോടി മുതല്‍ രണ്ട് കോടി വരെ രൂപ കിട്ടാനുണ്ട് ഇവര്‍ക്ക്. സപ്ലൈകോയ്ക്ക് സബ്സിഡി ഇതര സാധനങ്ങള്‍ നല്‍കിയവരാണ് ഇവരെല്ലാം. ഒന്നും രണ്ടും മാസത്തെയല്ല ജൂൺ മാസം മുതലിങ്ങോട്ട് ഏഴ് മാസങ്ങളായി കൊടുത്ത സാധനങ്ങള്‍ക്ക് പണം കിട്ടുന്നില്ല. ചെറുകിട വിതരണക്കാര്‍ കൊടുത്ത സാധനങ്ങളേറെയും സപ്ലൈകോ വിറ്റ് കാശാക്കുകയും ചെയ്തു. എന്നിട്ടും ഇവരുടെ കാര്യം ആരും പരിഗണിക്കുന്നില്ല.

ഓണക്കാലത്ത് സപ്ലൈകോ ആവശ്യ പ്രകാരം ഒന്നിച്ച് ഏറെ സാധനങ്ങള്‍ കൊടുത്തു. അതിന്‍റേയും പണം കിട്ടിയിട്ടില്ല. കടം വാങ്ങിയും ബാങ്ക് ലോണെടുത്തുമെല്ലാം കച്ചവടം ചെയ്യുന്നവരാണ് ഈ ചെറുകിട കച്ചവടക്കാര്‍. കോടികള്‍ കുടിശ്ശികയായതോടെ പലരും ബാങ്കിന്‍റെ ജപ്തി ഭീഷണിയിലാണ്.

പലതവണ വകുപ്പ് മന്ത്രിയെയും മുഖ്യമന്ത്രിയെയും ധന വ്യവസായ മന്ത്രിമാരെയും നേരില്‍ കാണുകയും കാര്യങ്ങൾ രേഖാമൂലം ബോധ്യപ്പെടുത്തുകയും ചെയ്തിട്ടും ആരും ചെവിക്കൊണ്ടില്ല. ഇതിനിടയില്‍ സബ്സിഡി സാധനങ്ങള്‍ നല്കിയ വിതരണക്കാര്‍ക്ക് സപ്ലൈകോ ഭാഗികമായി പണം നല്‍കിയെങ്കിലും അതുപോലും ഇവര്‍ക്ക് കിട്ടിയില്ല. ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് സപ്ലൈകോ സപ്ലെയേഴ്സ് അസോസിയേഷന്‍റെ തീരുമാനം. 

Latest Videos
Follow Us:
Download App:
  • android
  • ios