തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ മൂന്നാംഘട്ട നിര്‍മ്മാണങ്ങൾക്ക് സുപ്രീംകോടതി അനുമതി. നിര്‍മ്മാണം ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവര്‍ത്തകനായ തോമസ് ലോറൻസ് നൽകിയ ഹര്‍ജി ജസ്റ്റിസ് രോഹിംഗ്ടൺ നരിമാൻ അദ്ധ്യക്ഷനായ കോടതി തള്ളി. 

സുപ്രീംകോടതി ഉത്തരവോടെ ടെക്നോപാര്‍ക്കിൽ നിര്‍മ്മാണങ്ങളുമായി കമ്പനികൾക്ക് മുന്നോട്ടുപോകാം. പരിസ്ഥിതി ആഘാതം ഉണ്ടാകില്ലെന്നും തണ്ണീര്‍തടങ്ങളിലല്ല നിര്‍മ്മാണങ്ങൾ നടക്കുന്നതെന്നും തിരുവനന്തപുരം ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് നൽകിയിരുന്നു. 

ആ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ നിര്‍മ്മാണങ്ങൾക്കുള്ള അനുമതി കമ്പനികൾക്ക് കിട്ടുകയും ചെയ്തു. അതേസമയം തണ്ണീര്‍ തടങ്ങളിൽ തന്നെയാണ് നിര്‍മ്മാണങ്ങൾ നടക്കുന്നതെന്നും ഇത് പരിസ്ഥിതിക്ക് വലിയ ആഘാതമാണെന്നും ഹര്‍ജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ നിലവിലുള്ള ഹര്‍ജിയിൽ കളക്ടറുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന് വേണമെങ്കിൽ കളക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് എട്ടാഴ്ചക്കകം പുതിയ ഹര്‍ജി നൽകാനാവുന്നതാണെന്നും കോടതി വ്യക്തമാക്കി.