Asianet News MalayalamAsianet News Malayalam

'മറ്റ് സംസ്ഥാനങ്ങള്‍ എന്ത് ചെയ്യുകയാണ്': കൊവിഡ് പ്രതിരോധത്തിന് കേരള മാതൃകയെ വീണ്ടും പ്രശംസിച്ച് സുപ്രീംകോടതി

കേരളത്തിൽ അങ്കണവാടി കുട്ടികൾക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുകയാണ്. മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇക്കാര്യത്തില്‍ എന്ത് ചെയ്യുകയാണ് എന്ന് ഞങ്ങൾക്ക് അറിയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. 

supreme court lauds kerala model prevention on covid 19
Author
Delhi, First Published Mar 18, 2020, 5:30 PM IST

ദില്ലി: കൊവിഡ് 19 പ്രതിരോധത്തിന്റെ കേരള മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ. കൊവിഡ് കാലത്ത് കുട്ടികൾക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തിന് സുപ്രീംകോടതിയുടെ അഭിനന്ദനം. കേരളത്തിൽ അങ്കണവാടി കുട്ടികൾക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുകയാണ്. മറ്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇക്കാര്യത്തില്‍ എന്ത് ചെയ്യുകയാണ് എന്നത് അറിയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. 

ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചാണ് കേരളത്തിന്റെ നടപടികളെ പുകഴ്ത്തിയത്. നേരത്തെ, സ്‌കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. സ്വമേധയാ എടുത്ത കേസിൽ കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നോട്ടീസും അയച്ചിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് കൊവിഡ് 19 പ്രതിരോധത്തിന്റെ കേരള മോഡലിന് സുപ്രീംകോടതിയുടെ പ്രശംസ ലഭിക്കുന്നത്. കേരളത്തിലെ ജയിലുകളിൽ നടത്തിയ ക്രമീകരണങ്ങളെ നേരത്തെ കോടതി പ്രശംസിച്ചിരുന്നു. രാജ്യത്തെ ജയിലുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അതൃപ്തി പ്രകടിപ്പിച്ച സുപ്രീംകോടതി ഇതിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. കേസെടുത്തതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്കയച്ച നോട്ടീസിലാണ് കേരളത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അക്കമിട്ട് പറഞ്ഞിരിക്കുന്നത്. വൈറസ് പടരുന്നെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കേരളം ജയിലുകളില്‍ വേണ്ട പ്രതിരോധ നടപടികള്‍ ആരംഭിച്ചിരുന്നതായി നോട്ടീസില്‍ പറയുന്നു.

കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചതായും രോഗ ലക്ഷണങ്ങളുള്ളവരെ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചതായും നോട്ടീസില്‍ പറയുന്നു. 
ജയിലുകളില്‍ പുതിയതായി പ്രവേശിപ്പിക്കുന്ന തടവുകാര്‍ ആദ്യം നിരീക്ഷണത്തിലായിരിക്കും. ആറ് ദിവസമാണ് ഇവര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുക. ഇത്തരം നടപടികള്‍ മറ്റ് സംസ്ഥാനങ്ങള്‍ എന്തുക്കൊണ്ട് സ്വീകരിച്ചില്ലെന്നും കോടതി ചോദിച്ചു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios