വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം കേരളത്തില്‍ സ്‌കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്‌കൂളുകൾ സ്ഥാപിക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം.

ദില്ലി: കേരളത്തില്‍ പ്രൈമറി സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്‌കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്‌കൂളുകൾ സ്ഥാപിക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം. 

ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്‌കൂളുകൾ ഇല്ലെങ്കിൽ അവിടെ എൽപി സ്‌കൂളുകൾ സ്ഥാപിക്കണമെന്നും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ അപ്പർ പ്രൈമറി സ്‌കൂളുകൾ ഇല്ലെങ്കിൽ അവിടെ യു പി സ്‌കൂളുകൾ സ്ഥാപിക്കണമെന്നുമാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മഞ്ചേരിയിലെ എളാമ്പ്രയിൽ അടിയന്തിരമായി എൽ പി സ്കൂൾ ആരംഭിക്കാൻ സുപ്രീംകോടതി ഉത്തരവിറക്കി. സർക്കാർ സ്‌കൂൾ ആരംഭിക്കാനാണ് ഉത്തരവ്. സ്വന്തം കെട്ടിടം ഇല്ലെങ്കിൽ വാടകയ്ക്ക് കെട്ടിടത്തിൽ മൂന്ന് മാസത്തിനുള്ളിൽ സ്‌കൂൾ ആരംഭിക്കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.