ഇയാളെ പുറത്താക്കേണ്ടത് തന്നെയാണ്. ഇത്തരം കലഹപ്രിയരെ സൈന്യത്തിന് ആവശ്യമില്ലെന്നും സുപ്രീം കോടതി

ദില്ലി: ഗുരുദ്വാരയിൽ കയറാൻ വിസമ്മതിച്ചതിന് പിന്നാലെ സൈന്യത്തിൽ നിന്ന് പുറത്താക്കിയ ക്രിസ്ത്യൻ കരസേനാ ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനവുമായി കോടതി. സഹപ്രവർത്തകനായി സിഖ് പട്ടാളക്കാരുടെ വിശ്വാസത്തെ ബഹുമാനിക്കാൻ ശ്രമിക്കാത്ത സേനാ ഉദ്യോഗസ്ഥനെ കലഹപ്രിയൻ എന്നും സൈനികനാവാൻ അയോഗ്യനെന്നുമാണ് സുപ്രീം കോടതി വിമർശിച്ചത്. മികച്ച അച്ചടക്കം പാലിക്കേണ്ട സൈനിക ഉദ്യോഗസ്ഥൻ ഇതിലൂടെ മുന്നോട്ട് വയ്ക്കുന്ന സന്ദേശം എന്താണ്. ഇയാളെ പുറത്താക്കേണ്ടത് തന്നെയാണ്. ഇത്തരം കലഹപ്രിയരെ സൈന്യത്തിന് ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സാമുവൽ കമലേശൻ എന്ന മുൻ സൈനിക ഉദ്യോഗസ്ഥനാണ് സേനയിൽ നിന്ന് പുറത്താക്കിയതിനെതിരെ കോടതിയെ സമീപിച്ചത്.

കലഹപ്രിയനായ ഉദ്യോഗസ്ഥൻ സേനയ്ക്ക് അനുയോജ്യനല്ലെന്ന് കോടതി 

സാമുവൽ മികച്ച ഉദ്യോഗസ്ഥനായിരിക്കാം എന്നാൽ ഇന്ത്യൻ ആർമിക്ക് അയോഗ്യനാണ് എന്നാണ് കോടതി വിശദമാക്കിയത്. നിലവിൽ സേനയ്ക്കുള്ള നിരവധിയായ ഉത്തരവാദിത്തങ്ങൾക്കിടെ ഇത്തരം സംഭവങ്ങൾ പ്രോത്സാഹിപ്പിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി. 3 കാവൽറി രജിമെന്റിൽ ലഫ്റ്റനന്റ് പദവിയായിരുന്നു സാമുവൽ കമലേശൻ വഹിച്ചിരുന്നത്. അച്ചടക്ക ലംഘനത്തിന്റെ പേരിൽ ആണ് സാമുവലിനെ സൈന്യത്തിൽ നിന്ന് പുറത്താക്കിയത്. ഗുരുദ്വാരയിൽ പൂജയ്ക്കായി എത്താനുള്ള കമാൻഡിംഗ് ഓഫീസറുടെ നിർദ്ദേശം സാമുവൽ നിരാകരിച്ചിരുന്നു. പൂജ ചെയ്യുന്നത് തന്റെ ക്രിസ്തീയ വിശ്വാസങ്ങളെ ബാധിക്കുമെന്ന് വിശദമാക്കിയായിരുന്നു സാമുവലിന്റെ പ്രവർത്തി. മെയ് മാസത്തിൽ ദില്ലി ഹൈക്കോടതി സാമുവലിനെതിരായ സേനാ നടപടി ശരിവച്ചിരുന്നു. മുതിർന്ന ഉദ്യോഗസ്ഥന്റെ നിർദ്ദേശം അനുസരിക്കാത്തത് അച്ചടക്ക ലംഘനമാണെന്ന് വ്യക്തമാക്കി ആയിരുന്നു ഇത്.

ഹൈക്കോടതി വിധിക്കെതിരെ സാമുവൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 2017ലാണ് സാമുവൽ കമലേശൻ സേനയുടെ ഭാഗമായത്. ജാട്ട്, രജപുത്, സിഖ് വിഭാഗങ്ങളിൽ നിന്നുള്ള സൈനികർ അധികമായുള്ള 3 കാവൽറി റെജിമെന്റിന്റെ ഭാഗമായിരുന്നു സാമുവൽ കമലേശൻ. 2021ലാണ് സാമുവൽ കമലേശനെതിരെ സേനയിൽ നിന്ന് പുറത്താക്കിയത്. പെൻഷനും ഗ്രാറ്റുവിറ്റിയും അടക്കമുള്ള ആനുകൂല്യങ്ങളും നൽകാതെയായിരുന്നു സാമുവലിനെ പിരിച്ച് വിട്ടത്. റെജിമെന്റിൽ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും മാത്രമാണ് ഉണ്ടായിരുന്നതെന്നും എല്ലാ വിഭാഗത്തിലുള്ളവർക്കായുള്ള ആരാധനാ സ്ഥലം ഉണ്ടായിരുന്നില്ലെന്നുമായിരുന്നു തന്റെ അച്ചടക്ക ലംഘനത്തെ സാമുവൽ ന്യായീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം