ദില്ലി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി. രൂപേഷിനെതിരെ ചുമത്തിയ യുഎപിഎയും ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് അടുത്ത ആഴ്ച വിശദമായി പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. 

യുഎപിഎ കേസിലെ വിചാരണക്ക് സർക്കാർ അനുമതി വൈകിയോ എന്നും കോടതി പരിശോധിക്കും. 11 കേസുകളിൽ മൂന്ന് കേസുകളിലാണ് രൂപേഷിനെ കുറ്റവിമുക്തനാക്കിയത്. ബാക്കിയുള്ള എട്ട് കേസുകളിൽ കൂടി വിടുതൽ ഹർജി നൽകിയ സാഹചര്യത്തിലാണ് സർക്കാർ സുപ്രീംകോടതിയിലെത്തിയത്. യുഎപിഎ ഒഴിവാക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്ന് സർക്കാർ വാദിച്ചു.