തിരുവനന്തപുരം: മെഡിക്കൽ ഫീസ് സംബന്ധിച്ച കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനം റദ്ദാക്കിയ കേരള ഹൈക്കോടതി കോളേജുകൾ നിശ്ചയിക്കുന്ന പരമാവധി ഫീസ് നൽകേണ്ടിവരുമെന്ന് വിദ്യാര്‍ത്ഥികളെ അറിയിക്കാൻ ഉത്തരവിട്ടിരുന്നു.

മെഡിക്കൽ കോളേജുകൾക്ക് ഫീസ് നിശ്ചിയക്കാനുള്ള അവകാശം നൽകുന്നത് സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നൽകിയത്. ഹൈക്കോടതി ഉത്തരവിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളുകയായിരുന്നു.. ഫീസ് നിര്‍ണയ സമിതിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങൾ റദ്ദാക്കാനും സുപ്രീംകോടതി വിസമ്മതിച്ചു. സുപ്രീംകോടതി തീരുമാനത്തോടെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 2020-21 പ്രവേശനത്തിന് ഉയര്‍ന്ന ഫീസ് നൽകാമെന്ന രേഖാമൂലമുള്ള ഉറപ്പ് വിദ്യാര്‍ത്ഥിൾക്ക് നൽകേണ്ടിവരും.