Asianet News MalayalamAsianet News Malayalam

മുൻ ഡിവൈഎസ്പി ആര്‍ ഷാജിയുടെ ജയില്‍ മോചന ഹര്‍ജി; സംസ്ഥാനത്തിന് നോട്ടീസ് അയച്ച് സുപ്രിം കോടതി

ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, എസ് രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാറിന് അടിയന്തര നോട്ടീസ് അയച്ചത്. 

Supreme Court sent notice to the state on Ex DYSP R Shaji s Jail Release Petition
Author
First Published Nov 28, 2022, 1:15 PM IST


ദില്ലി:  ജയിൽ മോചനം ആവശ്യപ്പെട്ടുള്ള പ്രവീണ്‍ വധക്കേസ് പ്രതി മുൻ ഡിവൈഎസ്പി ആര്‍ ഷാജിയുടെ ഹർജിയില്‍ സംസ്ഥാനത്തിന് അടിയന്തര നോട്ടീസ് അയച്ച് സുപ്രിം കോടതി. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, എസ് രവീന്ദ്രഭട്ട്  എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാറിനെ അടിയന്തര നോട്ടീസ് അയച്ചത്. സർക്കാരിന് സ്റ്റാൻഡിംഗ് കൗൺസൽ വഴി നോട്ടീസ് നൽകാനാണ് കോടതി നിർദ്ദേശം. കേസില്‍ രണ്ടാഴ്ച്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. 

പതിനേഴ് വർഷമായി താൻ ജയിലാണെന്നും ജയില്‍ മോചനം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഷാജി സുപ്രിം കോടതിയെ സമീപിച്ചത്. ജയിലിലെ നല്ല നടപ്പും പെരുമാറ്റവും കണക്കിലെടുത്ത് കഴിഞ്ഞ തവണ ജയിൽ മോചനത്തിനായുള്ള ശുപാർശ പട്ടികയിൽ ഷാജിയെയും ഉൾപ്പെട്ടിരുന്നു. എന്നാല്‍, ഷാജി പുറത്തിറങ്ങിയാല്‍ തനിക്കും ഷാജിയുടെ രണ്ടാം ഭാര്യയായ തന്‍റെ അമ്മയ്ക്കും സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടികാട്ടി രണ്ടാം ഭാര്യയിലെ മകന്‍ സര്‍ക്കാറിന് പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് വിട്ടയക്കല്‍ പട്ടികയില്‍ നിന്നും സര്‍ക്കാര്‍ ഷാജിയുടെ പേര് നീക്കം ചെയ്തത്. 

2005 ഫെബ്രുവരി 15-ന് പള്ളുരുത്തി സ്വദേശിയായ പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍  പ്രതിയായതിനെ തുടര്‍ന്നാണ് മുൻ ഡിവൈഎസ്പി കൂടിയായിരുന്ന ആര്‍ ഷാജിയെ ജീവപര്യന്തം ശിക്ഷയ്ക്ക് ഹൈക്കോടതി വിധിച്ചത്. നിലവില്‍ ജീവപര്യന്തം ശിക്ഷയുടെ കാലാവധി കഴിഞ്ഞെങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി ഷാജി ജയിലില്‍ തുടരുകയാണ്. ഇതേ തുടര്‍ന്നാണ് വിട്ടയാക്കാനുള്ള ശുപാര്‍ശയില്‍ ആര്‍ ഷാജിയുടെ പേരും ഉള്‍പ്പെടുത്തിയതിരുന്നതും പിന്നീട് പരാതിയെ തുടര്‍ന്ന് പിന്‍വലിച്ചതും.  

തന്‍റെ ഭാര്യയുമായി പള്ളുരുത്തി സ്വദേശി പ്രവീണിന് ബന്ധമുണ്ടെന്ന സംശയത്താല്‍ ഡിവൈഎസ്പി ആർ ഷാജി, ഗുണ്ടാ നേതാവ് പ്രിയന്‍ പള്ളുരുത്തിക്ക് പ്രവീണിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി എന്നതായിരുന്നു കേസ്. പ്രവീണിനെ കൊലപ്പെടുത്തിയ പ്രിയന്‍ ശരീരം വെട്ടി നുറുക്കി മൂന്ന് ഇടങ്ങളിലായി ഉപേക്ഷിച്ചു. കൊലപാതകം നടക്കുമ്പോൾ ഷാജി മലപ്പുറത്ത് ഡിവൈഎസ്പി ആയിരുന്നു. കേസില്‍ ആകെ നാല് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ശിക്ഷ അനുഭവിക്കവെ 2021 മെയ് 21 ന് പ്രിയന്‍ കൊവിഡ് ബാധിച്ച് ജയിലില്‍ വച്ച് മരിച്ചിരുന്നു. അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിത എന്നിവരാണ് ആര്‍ ഷാജിക്ക് വേണ്ടി സുപ്രിം കോടതിയില്‍ ഹർജി ഫയൽ ചെയ്തത്.

കുടുതല്‍ വായനയ്ക്ക്:   പ്രവീൺ കൊലക്കേസ്: സുപ്രിം കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി മുന്‍ ഡിവൈഎസ്പി ആര്‍ ഷാജി

 

Follow Us:
Download App:
  • android
  • ios