പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രിയയ്ക്ക് അസോസിയേറ്റ് പ്രൊഫസറാകാനുള്ള യോഗ്യത ഇല്ലെന്ന് സർവകലാശാല കോടതിയെ അറിയിക്കും. ഡോ. ജോസഫ് സ്കറിയയും യുജിസിയും നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്.

ദില്ലി: സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം സുപ്രീംകോടതിയിൽ. പ്രിയ വർഗീസിൻ്റെ നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

പ്രിയയ്ക്ക് അസോസിയേറ്റ് പ്രൊഫസറാകാനുള്ള യോഗ്യത ഇല്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയെ അറിയിക്കും. പ്രിയയുടെ നിയമനം ഹൈക്കോടതി ശരിവെച്ചതിനെതിരെ ഡോ. ജോസഫ് സ്കറിയയും യുജിസിയും നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്.

അധ്യാപന പരിചയത്തിന്റെ കാര്യത്തിൽ പിഎച്ച്ഡി പഠനകാലം കൂടി കണക്കാക്കാമോ എന്നതാണ് പ്രിയ വർഗീസ് കേസിലെ പ്രധാനനിയമപ്രശ്നം. പ്രിയ വർഗീസിന്റെ നിയമനം നിയമപരവും ചട്ടപ്രകാരവുമാണെന്നായിരുന്നു നേരത്തെ സർവകലാശാല സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ ഈ നിലപാട് സർവകലാശാല തിരുത്തുമെന്നാണ് വിവരം. നിയമനം സുതാര്യമായിരുന്നില്ലെന്നും പ്രിയ വർഗീസിന് തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയില്ലെന്നുമുള്ള നിലപാട് കോടതിയെ അറിയിക്കാനാണ് തീരുമാനം.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യയ്ക്ക് വഴിവിട്ട നിയമനമാണ് സർവകലാശാല നൽകിയതെന്ന് നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. സംസ്ഥാനത്ത് ഭരണം മാറിയതോടെ ഇതേ നിലപാട് സർവകലാശാലയും കോടതിയെ അറിയിക്കാൻ പോകുകയാണ്. ഇതിനിടെയാണ് സർവകലാശാല സ്റ്റാൻഡിംഗ് കൗൺസലിനെയും മാറ്റുന്നത്, കേസിൽ നേരത്തെ കണ്ണൂർ സർവകലാശാലയ്ക്കുവേണ്ടി ഹാജരായിരുന്നത് മുൻ എസ്എഫ്ഐ നേതാവും സിപിഎം സഹയാത്രികനുമായ കെ ആർ സുഭാഷ് ചന്ദ്രനായിരുന്നു.

എന്നാൽ ഈ മാസം മൂന്നിന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കൗൺസൽ പി എസ് സുൾഫിക്കർ അലിയെ സർവകലാശാലയുടെ കേസുകളും ഏൽപ്പിക്കാനാണ് തീരുമാനം. ഇതുവരെ നിയമനം ശരിയാണെന്ന് വാദിച്ച സർവകലാശാല തന്നെ നിയമനത്തിന്റെ സുതാര്യതയും യോഗ്യതയും ചോദ്യം ചെയ്യുന്ന നിലപാട് സ്വീകരിക്കുന്നതിനോട് കോടതി എങ്ങനെ പ്രതികരിക്കും എന്നത് കേസിൽ നിർണായകമായി മാറും.