ദില്ലി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണം സംബന്ധിച്ച് സീൽവെച്ച കവറിൽ ഒരു റിപ്പോര്‍ട്ട് സിബിഐ സുപ്രീംകോടതിയിൽ നൽകിയിട്ടുണ്ട്.

അന്വേഷവുമായി മുന്നോട്ടുപോകുന്നതിന് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് യാതൊരു സഹകരണവും ഇല്ല, കേസ് ഡയറി ഉൾപ്പടെയുള്ള രേഖകൾ കൈമാറിയില്ല തുടങ്ങിയ വിവരങ്ങൾ ഈ റിപ്പോര്‍ട്ടിൽ ഉണ്ട്. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

സിബിഐ നിലപാട് തന്നെയാകും കേസിൽ നിര്‍ണായകം. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കാസര്‍കോട് ജില്ലയിലെ പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്ലാലിനെയും ഒരു സംഘം കൊലപ്പെടുത്തിയത്.