Asianet News MalayalamAsianet News Malayalam

സിറോ മലബാ‍ര്‍ സഭ ഭൂമിയിടപാട് കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റി

പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഉത്തരവിൽ ഹൈക്കോടതി സ്വീകരിക്കുന്ന തുടർനടപടികളിൽ സുപ്രീംകോടതി വാക്കാൽ അതൃപ്തി രേഖപ്പെടുത്തി.

Supreme court to make verdict on syro malabar church
Author
First Published Jan 18, 2023, 6:07 PM IST

ദില്ലി: സിറോ മലബാർ സഭ ഭൂമിയിടപാട് സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി വിധി പറയാൻ മാറ്റി. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഉത്തരവിൽ ഹൈക്കോടതി സ്വീകരിക്കുന്ന തുടർനടപടികളിൽ സുപ്രീംകോടതി വാക്കാൽ അതൃപ്തി രേഖപ്പെടുത്തി.

സഭാ ഭൂമിയിടപാടിലെ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സുപ്രീംകോടതിയിൽ എത്തിയിരുന്നു. ആസ്തി വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവ്  ചോദ്യം ചെയ്ത ബത്തേരി രൂപത അടക്കം നല്കിയ ഹർജികളിലും കോടതി രണ്ടു ദിവസം വാദം കേട്ടു. കേസിൽ കക്ഷി ചേരാൻ കേരള കത്തോലിക് ചർച്ച് റിഫോംസ് ഗ്രൂപ്പും ഷൈൻ വർഗീസും നൽകിയ അപേക്ഷ കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ ഇവരെ കക്ഷി ചേർക്കേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു.  

ക്രിമിനൽ നടപടി ചട്ടത്തിലെ 482-ാം വകുപ്പ് പ്രകാരം കേസ് റദ്ദാക്കാൻ നൽകുന്ന ഹർജികളിൽ ഹൈക്കോടതിക്ക് എങ്ങനെ മറ്റു നടപടികൾ സ്വീകരിക്കാനാകുമെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. കേസുകൾ  റദ്ദാക്കണമെന്ന കർദ്ദിനാളിൻ്റെ ഹർജി തള്ളിക്കൊണ്ടാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചത്. ഇതു ചോദ്യം ചെയ്ത കോടതി എന്നാൽ ഇക്കാര്യത്തിൽ ഹൈക്കോടതി അധികാരത്തിൻറെ നിയമവശത്തിലേക്ക് തല്ക്കാലം കടക്കുന്നില്ല എന്നറിയിച്ചു.  

സഭയുടെ ഭൂമിയുടെ കാര്യം മാത്രം എങ്ങനെ സ്വകാര്യവിഷയമായി കണക്കാക്കാനാകുമെന്ന നീരീക്ഷണവും കോടതിയിൽ നിന്നുണ്ടായി. അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്താനായില്ലെന്ന വാദം സംസ്ഥാനം കോടതിയിൽ ആവർത്തിച്ചു. സുപ്രീം കോടതി ജഡ്ജി എന്ന നിലയ്ക്ക് തൻറെ ജീവിതത്തിൽ ഇത്തരം ഒരു കേസ് ആദ്യമാണെന്ന പരാമർശത്തോടെയാണ് ജസ്ററിസ് ദിനേശ് മഹേശ്വരി വിധി പറയാൻ മാറ്റിയത്. 

Follow Us:
Download App:
  • android
  • ios