ആളു കുറഞ്ഞതിനല്ല,  25 പേരെ  വോട്ടര്‍പട്ടികയില്‍ ചേർക്കാത്തതിനാലാണ് പ്രവർത്തകരോട് ക്ഷോഭിച്ചതെന്നും സുരേഷ് ഗോപി

തൃശ്ശൂര്‍: വെള്ളിക്കുളങ്ങരയിലെ സന്ദര്‍ശനത്തില്‍ ആളു കുറഞ്ഞതില്‍ പ്രവര്‍ത്തരോട് ക്ഷോഭിച്ച സംഭവത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്ത്.ആളു കുറഞ്ഞതിനല്ല, 25 ആളുകളെ വോട്ടര്‍പട്ടികിയില്‍ ചേർക്കാത്തതിനാലാണ് പ്രവർത്തകരോട് ക്ഷോഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.എടുക്കേണ്ട പണി പ്രവർത്തകർ എടുക്കാത്തത് കൊണ്ടാണ് അവരെ ശകാരിച്ചത്.ആദിവാസി വിഭാഗത്തിൽ പെട്ട 25 ആളുകളെ വോട്ടര്‍പട്ടികയില്‍ ചേർത്തിരുന്നില്ല.അവിടെ ആളു കൂടിയിരുന്നു എന്ന് എല്ലാവർക്കും അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.ആളില്ലായിരുന്നു എന്ന് പ്രചരിപ്പിച്ചത് ആരെന്ന് എല്ലാവർക്കും അറിയാം.വോട്ടർ പട്ടികയിൽ പേര് ചേർക്കുക എന്നത് അമിത് ഷാ ഏൽപ്പിച്ച ഉത്തരവാദിത്തമാണ്.കോളനിയിൽ വന്നപ്പോൾ ആളുണ്ടായിരുന്നു, അത് വീഡിയോ കാണിച്ച് തെളിയിക്കണോയെന്നും അദ്ദേഹം ചോദിച്ചു

. എന്താണ് ബൂത്തിന്‍റെ ജോലിയെന്നും ആളില്ലാത്തിടത്തേക്ക് എന്നെയെന്തിനാണ് കൊണ്ടുവന്നതെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം പരസ്യമായി ചോദിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബൂത്ത് പ്രവര്‍ത്തകര്‍ സഹായിച്ചില്ലെങ്കില്‍ തിരുവനന്തപുരത്തേക്ക് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

'ആളില്ലാത്തിടത്തേക്ക് എന്നെയെന്തിനാണ് കൊണ്ടുവന്നത്'; പ്രവര്‍ത്തരോട് ക്ഷോഭിച്ച് സുരേഷ് ഗോപി

കെ മുരളീധരനെതിരായ സുരേന്ദ്രന്‍റെ ശിഖണ്ഡി പ്രയോഗത്തോടുള്ള ചോദ്യത്തിന് അത് അവരോട് ചോദിക്കണമെന്ന് സുരേഷ്ഗോപി പറഞ്ഞു.അങ്ങനെ ഒരു വിഷയം എനിക്കറിയില്ല.പറയുന്നവർ തന്നെയാണ് അത് വിശദീകരിക്കേണ്ടത്.അവരെല്ലാം സ്ഥാനാർഥികളാണ് ശത്രുക്കളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'പ്രജ' വിമർശനത്തോടെ,അതൊക്കെ അവർ ചോദ്യം ചോദിച്ചു ഉത്തരം കണ്ടെത്തട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.താൻ വികസനത്തിന്‍റെ രാഷ്ട്രീയമാണ് സംസാരിക്കുന്നത്.വിമര്‍ശകര്‍ക്ക് ഉത്തരം നൽകാനല്ല നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.