തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവനിടെ നിന്നും കണക്ടിംഗ് ഫ്ലൈറ്റിൽ ദില്ലിയിലേക്കും പോകാനാണ് തീരുമാനം.
ദില്ലി : മൂന്നാം മോദി സർക്കാരിൽ സുരേഷ് ഗോപിയുമുണ്ടാകാൻ സാധ്യതയേറുന്നു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഉടൻ ദില്ലിയിലേക്ക് എത്താൻ നരേന്ദ്രമോദി ഫോണിൽ വിളിച്ച് സുരേഷ് ഗോപിക്ക് നിർദ്ദേശം നൽകി. ഉടൻ എത്താൻ മോദി ആവശ്യപ്പെട്ടതായി സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. ഭാര്യ രാധികയ്ക്ക് ഒപ്പം തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവിടെ നിന്നും കണക്ടിംഗ് ഫ്ലൈറ്റിൽ ദില്ലിയിലേക്കും പോകാനാണ് തീരുമാനം. മക്കൾ കൊച്ചിയിൽ നിന്നും ദില്ലിയിലേക്ക് പോകും.
കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ അംഗമെന്ന നിലയിൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിൽ വേണമെന്ന് കേന്ദ്ര നേതൃത്വം നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ നേരത്തെ കരാർ ഒപ്പിട്ട 4 സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കിൽ ചുമതലയേറ്റാൽ സിനിമകൾ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചു. സിനിമകൾ പൂർത്തിയാക്കിയ ശേഷം കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കാമെന്നാണ് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ അവസാനനിമിഷം പ്രധാനമന്ത്രിയുടെ ഫോൺ കോളെത്തുകയും ഉടൻ ദില്ലിയിൽ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു.

