കൊച്ചി: എറണാകുളത്തെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി പെരുവഴിയിലായി. റോഡ് ഷോയിൽ പങ്കെടുത്ത് വിമാനത്താവളത്തിലേക്ക് മടങ്ങേണ്ട താരത്തിന്‍റെ വാഹനം ഗതാഗത കുരുക്കിൽപ്പെട്ടതാണ് തിരിച്ചടിയായത്.

പ്രചാരണത്തിന് നേതാക്കളെത്തുന്നില്ലെന്ന സ്ഥാനാർത്ഥിയുടെ പരാതി പരിഹരിക്കാനാണ് താരപ്രചാരകൻ സുരേഷ് ഗോപിയെ തന്നെ പാർട്ടി മണ്ഡലത്തിൽ ഇറക്കിയത്. ചേരാനല്ലൂരിൽ നിന്നാംരംഭിച്ച സുരേഷ് ഗോപിയുടെ റോഡ് ഷോ സൗത്ത് ചിറ്റൂരിലെത്തിയപ്പോൾ താരത്തിന് മടങ്ങേണ്ട സമയമായി. എന്നാൽ, പോകാനുള്ള വാഹനം സമയത്തെത്തിയില്ല. 

അതുവഴി വന്ന ആരുടേയോ സ്കൂട്ടറിൽ താരം എങ്ങോട്ടെന്നില്ലാതെ പോയതോടെ സ്ഥാനാർത്ഥിയും പ്രവർത്തകരും അങ്കലാപ്പിലായി. തങ്ങളുടെ നേതാവിനെ തേടി തലങ്ങും വിലങ്ങും ആളെയും അയച്ചു. അവസാനം പരിഭ്രാന്തി അവസാനിപ്പിച്ച് ഒടുവിൽ താരത്തിന്‍റെ ഫോൺ കോളെത്തി. സുരേഷ് ഗോപി വിമാനത്താവളത്തിലെത്തുമെന്നായതോടെ നിർത്തിവെച്ച പ്രചാരണം സ്ഥാനാർത്ഥിയും കൂട്ടരും വീണ്ടും ആരംഭിച്ചു.