സംവിധായകൻ രഞ്ജിത്തിൻ്റെ അറസ്റ്റിൽ പ്രതികരിച്ച് സുരേഷ് ഗോപി. താൻ ആരുടെയും കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ, മുകേഷ് എന്നിവരുടെ വിഷയത്തിലും അഭിപ്രായം പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു
തൃശൂർ: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് കേന്ദ്രമന്ത്രിയും സിനിമാ നടനുമായ സുരേഷ് ഗോപി. താൻ ആരുടെയും കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ, മുകേഷ് എന്നിവരുടെ വിഷയത്തിലും അഭിപ്രായം പറഞ്ഞിട്ടില്ല. കോടതിയാണ് തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
അതേസമയം, യുവനടിയുടെ പീഡന പരാതിയിൽ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ രാത്രിയാണ് രഞ്ജിത്തിൻ്റെ അറസ്റ്റ് ഉണ്ടായത്. കസ്റ്റഡിയിലെടുത്ത രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
യുവനടിയുടെ പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷക്കുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് രഞ്ജിത്തിനെതിരെ പൊലീസിൻ്റെ നിർണായകനീക്കം ഉണ്ടായത്. പീഡന പരാതിയിൽ പൊലീസ് നടപടിയെ പറ്റി കഴിഞ്ഞ ദിവസങ്ങളിൽ രഞ്ജിത്തിന് വിവരം ലഭിച്ചിരുന്നു. പൊലീസിൻ്റെ നടപടി വേഗത്തിൽ ആയതോടെ രഞ്ജിത്തിനോട് അഭിഭാഷകർ ഒളിവിൽ പോകാൻ നിർദേശം നൽകി. തുടർന്നാണ് സ്വന്തം വാഹനം ഉപേക്ഷിച്ചു സഹപ്രവർത്തകനൊപ്പം മറ്റൊരു വാഹനത്തിൽ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്. ഇത് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്നായിരുന്നു അറസ്റ്റ് ചെയ്തുകൊണ്ടുള്ള പൊലീസ് നീക്കം.



