'കരുവന്നൂർ മാതൃകയിൽ മറ്റ് വിഷയങ്ങളിലും ഇടപെടും, നയതന്ത്ര അനുമതി ലഭിച്ചാൽ ദുബൈയിൽ അദാലത്ത്': സുരേഷ് ഗോപി
തട്ടിപ്പുകളെ കുറിച്ച് നിരവധി പരാതികൾ ദുബൈയിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. നയതന്ത്ര അനുമതി ലഭിച്ചാൽ ദുബൈയിലും അദാലത്ത് നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈ: കരുവന്നൂർ മാതൃകയിൽ മറ്റ് വിഷയങ്ങളിലും ഇടപെടുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇതുപോലെ കേരളത്തിൽ പല സ്ഥലങ്ങളും സന്ദർശിക്കും. മലപ്പുറത്ത് നിന്നാണ് ഏറ്റവും അധികം പരാതികൾ ലഭിച്ചിട്ടുള്ളത്. തട്ടിപ്പുകളെ കുറിച്ച് നിരവധി പരാതികൾ ദുബൈയിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. 200 ദുബൈയിൽ നിന്ന് ഇരുന്നൂറ് പേർ അദാലത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്ര അനുമതി ലഭിച്ചാൽ ദുബൈയിലും അദാലത്ത് നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദയാത്ര നടത്തിയതിന് സുരേഷ് ഗോപിക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. സുരേഷ് ഗോപിക്കും മറ്റ് ബിജെപി നേതാക്കൾക്കുമെതിരെ തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ബി ഗോപാലകൃഷ്ണൻ, കെ കെ അനീഷ് കുമാർ, ഹരി കെ ആർ തുടങ്ങി 500 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തതെന്നാണ് തൃശൂർ ഈസ്റ്റ് പൊലീസ് വ്യക്തമാക്കിയത്. ഈ മാസം 2 നായിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര നടന്നത്. കേസെടുത്തത് രാഷ്ട്രീയ പകപോക്കലാണെന്ന് ബി ജെ പി ആരോപിച്ചിരുന്നു.