കഴിഞ്ഞ സുരേഷിന്‍റെ വീടിനടത്ത് സിപിഎം നടത്തിയ പൊതുയോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ നടത്തിയത്. ഇയാളെ ഇനി സഹിക്കാനാവില്ലെന്ന് യോഗത്തില്‍ ജയരാജന്‍ പറഞ്ഞിരുന്നു. 

കണ്ണൂര്‍: ബൈപ്പാസ് സമരത്തിൽ വയൽക്കിളികളെ ഇറക്കി സിപിഎമ്മിനെ വിറപ്പിച്ച സുരേഷ് കീഴാറ്റൂർ ഇനി തളിപ്പറമ്പുകാർക്ക് ഭക്ഷണം വിളമ്പും. കടംകൊണ്ട് നിൽക്കക്കള്ളി ഇല്ലാതായതും നിരന്തരമുള്ള ഭീഷണികളുമാണ് ഈ തീരുമാനത്തിൽ എത്തിച്ചത്. തളിപ്പറമ്പിൽ തുടങ്ങുന്ന പുതിയ ഹോട്ടല്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് സുരേഷ് കീഴാറ്റൂരിന്‍റെ തീരുമാനം. ബൈപ്പാസ് സമരം നയിച്ചതിന് ശേഷം പ്രാദേശിക തലത്തില്‍ കടുത്ത ഭീഷണിയാണ് സുരേഷ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് സമരപരിപാടികള്‍ അവസാനിപ്പിച്ച് ഹോട്ടല്‍ വ്യാപരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സുരേഷ് തീരുമാനിച്ചത്. 

കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വീടിനടുത്ത് നടത്തിയ പൊതുയോഗത്തിൽ രൂക്ഷ വിമർശനമാണ് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ നടത്തിയത്. കമ്യൂണിസ്റ്റ് വിരുദ്ധനായ ആള്‍ സ്വന്തം പേരിനൊപ്പം കീഴാറ്റൂരെന്ന സ്ഥലപ്പേര് ചേർക്കരുതെന്നും ഇനിയും അയാളെ സഹിച്ചിരിക്കാനാകില്ലെന്നും എംവിജയരാജൻ പൊതുവേദിയില്‍ പറഞ്ഞിരുന്നു. 

എന്നാല്‍ പ്രസ്ഥാനത്തില്‍ വരാതെ തന്നെ കമ്മ്യൂണിസ്റ്റ് ബോധവും ജീവിതവും നയിക്കുന്ന ഒരുപാട് പേരുണ്ടെന്നും. ആരുടെയെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് കമ്മ്യൂണിസ്റ്റുകാരനാവന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഇതിനുള്ള സുരേഷ് കീഴാറ്റൂരിന്‍റെ മറുപടി. തളിപ്പറമ്പില്‍ തുടങ്ങുന്ന പുതിയ ഹോട്ടലിന്‍റെ അവസാനവട്ട മിനുക്ക് പണികളിലാണ് ഇപ്പോള്‍ സുരേഷ്. പാചകക്കാരനായ സുരേഷിന് ഹോട്ടല്‍ തുടങ്ങുമ്പോള്‍ അതിലും ചില നിര്‍ബന്ധങ്ങളൊക്കെയുണ്ട്. നാടന്‍ ഭക്ഷണം അതും കീഴാറ്റൂരിന്‍റെ തനതു രുചികള്‍ വിളമ്പുന്ന ഒരു ഭക്ഷണശാലയാണ് സുരേഷിന്‍റെ സ്വപ്നം.