കേരളാ കോണ്‍ഗ്രസിന്‍റെ കൈവശമിരുന്ന ഏറ്റുമാനൂര്‍ 2011 ലാണ് അട്ടിമറിയിലൂടെ സുരേഷ് കുറുപ്പ് പിടിക്കുന്നത്. 2016 ല്‍ കുറുപ്പ് ഭൂരിപക്ഷം ഉയര്‍ത്തി.

കോട്ടയം: സുരേഷ് കുറുപ്പിനെ ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് മാറ്റുകയെന്നൊരു നിര്‍ദേശം കോട്ടയം സിപിഎമ്മിലുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവനെ ഏറ്റുമാനൂരിലേയ്ക്ക് പരിഗണിക്കുമ്പോഴാണ് ഈ നിര്‍ദേശം. എന്നാൽ ഏറ്റുമാനൂര്‍ വിട്ട് മറ്റൊരിടത്തേയ്ക്കില്ലെന്നാണ് സുരേഷ് കുറുപ്പിന്‍റെ നിലപാട്.

കേരളാ കോണ്‍ഗ്രസിന്‍റെ കൈവശമിരുന്ന ഏറ്റുമാനൂര്‍ 2011 ലാണ് അട്ടിമറിയിലൂടെ സുരേഷ് കുറുപ്പ് പിടിക്കുന്നത്. 2016 ല്‍ കുറുപ്പ് ഭൂരിപക്ഷം ഉയര്‍ത്തി. രണ്ട് തവണയും പരാജയപ്പെടുത്തിയത് ഇപ്പോള്‍ ഇടതിനൊപ്പമുള്ള ജോസ് പക്ഷത്തെ തോമസ് ചാഴികാടനെയായിരുന്നു. കേരളാ കോണ്‍ഗ്രസിന്‍റെ സാന്നിധ്യവും മണ്ഡലത്തിലെ സ്വീകാര്യതയും കാരണം ഇക്കുറിയും പാര്‍ട്ടി ഏറ്റുമാനൂരില്‍ ജയിക്കുമെന്നാണ് സുരേഷ് കുറുപ്പിന്റെ പ്രത്യാശ. 

എന്നാൽ അതേ സമയം തന്നെയാണ് സിപിഎം ജില്ലാ സെക്രട്ടറി വാസവനെ ഏറ്റുമാനൂരിലിറക്കാൻ പാര്‍ട്ടി സജീവമായി ആലോചിക്കുന്നത്. കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതിനും തദ്ദേശതെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പാര്‍ട്ടിയെ നയിച്ചതും വാസവന് അനുകൂല ഘടകങ്ങളാണ്. വാസവനും ഏറ്റുമാനൂര്‍ താല്‍പ്പര്യമുണ്ട്. എന്നാല്‍ ഏറ്റുമാനൂര്‍ വിട്ട് മറ്റൊരിടത്തേക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് സുരേഷ് കുറുപ്പ്. കുറുപ്പിനെ തിരുവഞ്ചൂരിനെതിരെ കോട്ടയത്തേക്ക് മാറ്റിയുള്ള ഫോര്‍മുലയും ചര്‍ച്ച ചെയ്യുന്നു. അഞ്ച് തവണ പാര്‍ലമെന്‍റിലേക്കും രണ്ട് തവണ നിയമസഭയിലേക്കും മത്സരിച്ച കുറുപ്പിന്‍റെ കാര്യത്തില്‍ പാര്‍‍ട്ടിയുടെ തീരുമാനവും നിര്‍ണ്ണായകമാണ്.