മലപ്പുറം: വാഹന പരിശോധനയ്ക്കിടെ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥനെ ബൈക്ക് യാത്രക്കാർ ഇടിച്ചിട്ടു. മലപ്പുറം കോട്ടയ്ക്കൽ രണ്ടത്താണിയിലാണ് സംഭവം. മലപ്പുറം എൻഫോഴ്സ്മെന്‍റ് വിഭാഗം എംവിഐ ആസിമിന് തലയ്ക്കും കാലിനും സാരമായി പരിക്കേറ്റു. രാവിലെയുള്ള പതിവ് പരിശോധനക്കിടെയാണ് ആസിം അടങ്ങുന്ന നാലംഗ എൻഫോഴ്സ്മെന്‍റ് സംഘം ബൈക്കിന് കൈകാണിച്ചത്. ആസിമിനെ ഇടിച്ച ബൈക്ക് മറ്റൊരു കാറിനെ കൂടി ഇടിച്ച് മുന്നോട്ട് തെറിച്ച് വീണു. 

പരിക്കേറ്റ ആസിമിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സർജറിക്ക് വിധേയനാക്കി. കാൽ മുട്ടിന് പൊട്ടലുണ്ട്, തലയ്ക്കും പരിക്കേറ്റു. അപകടമുണ്ടാക്കിയ ബൈക്ക് കാടാമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പതിനാറും പതിനെട്ടും വയസ്സുള്ള യുവാക്കളാണ് ബൈക്കിലുണ്ടായിരുന്നത്. ആദ്യം ഓടി രക്ഷപ്പെട്ട ഇവർ പിന്നീട് കോട്ടക്കലിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇരുവർക്കും ചെറിയ പരിക്കുണ്ട്. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കും.