Asianet News MalayalamAsianet News Malayalam

സുശാന്ത് സിംഗിൻ്റെ മരണം: സത്യം പുറത്തുവരുമെന്നും സിബിഐ അന്വേഷണം വേണ്ടെന്നും ബീഹാർ പൊലീസ്

 മുംബൈ പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന ആരോപണം നിഷേധിച്ച് ബീഹാർ ഡിജിപി 

Sushant singh death case
Author
Mumbai, First Published Aug 1, 2020, 7:25 PM IST

മുംബൈ: നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടേണ്ട കാര്യമില്ലെന്ന് ബിഹാർ പൊലീസ്. മുംബൈ പൊലീസ് അന്വേഷണങ്ങൾക്ക് സഹായിക്കുന്നില്ലെന്ന ആരോപണങ്ങളും  ബിഹാർ ഡിജിപി നിഷേധിച്ചു. എന്നാൽ അന്വേഷണത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുശാന്തിന്‍റെ സഹോദരി കത്തെഴുതി. 

സുശാന്തിന്‍റെ അച്ഛനോ ബന്ധുക്കൾക്കോ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി മുന്നോട്ട് പോകാമെങ്കിലും ബിഹാർ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ തന്നെ സത്യം പുറത്ത് വരുമെന്ന് ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ പറഞ്ഞു. വാഹനം പോലും നൽകാതെ ബിഹാർ പൊലീസിന്‍റെ അന്വേഷണം മുംബൈ പൊലീസ് തടസപ്പെടുത്തുന്നുവെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അടക്കം ഉന്നയിച്ച  ആരോപണങ്ങളും ഡിജിപി നിഷേധിക്കുന്നു.

എന്നാൽ  മുംബൈയിൽ കേസ് രജിസ്റ്റർ ചെയ്ത ബാന്ദ്രാ പൊലീസ് സ്റ്റേഷനിലെത്തിയ ബിഹാർ പൊലീസ് സംഘത്തിന് വിവരങ്ങൾ കൈമാറാൻ മുംബൈ പൊലീസ് തയാറായില്ല. ബിഹാർ പൊലീസ് നടത്തുന്ന അന്വേഷണത്തിനെതിരെ റിയ ചക്രബർത്തി നൽകിയ ഹർജിയിൽ സുപ്രീം കോടതിയിൽ നിന്നൊരു ഉത്തരവ് വരും വരെ കാത്തിരിക്കാനായിരുന്നു മറുപടി. സംഘം ഓട്ടോയിൽ അവിടെ നിന്ന് മടങ്ങി. പിന്നാലെ സുശാന്തിന്‍റെ സുഹൃത്തായ  സംവിധായകൻ റുമി ജഫ്രിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. 

വിഷാദ രോഗത്തിന് സുശാന്തിനെ ചികിത്സിച്ച മനോരോഗ വിദഗ്ദനെയും അവസാനമായി അഭിനയിച്ച ദിൽ ബേച്ചാര എന്ന ചിത്രത്തിലെ അണിയറ പ്രവർത്തകരെയും അടുത്തതായി ചോദ്യം ചെയ്യും. താൻ നിരപരാധിയാണെന്നും സത്യം പുറത്ത് വരുമെന്നും പറഞ്ഞുള്ള  റിയ ചക്രബർത്തിയുടെ വീഡിയോയ്ക്കെതിരെ സുശാന്തിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകൻ രംഗത്തെത്തി. റിയയെ ഇതുവരെ കണ്ടെത്താൻ ബിഹാർ പൊലീസിനായിട്ടില്ല.വെള്ള വസ്ത്രം ധിരിച്ച് വന്ന് ഇരവാദം ഉയർത്തുകയാണ് റിയയെന്ന് അഭിഭാഷകൻ വികാസ് സിംഗ് പറഞ്ഞു.  

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടുത്ത ആഴ്ച റിയ ചക്രബർത്തിയെ ചോദ്യം ചെയ്യും. ട്വിറ്ററിലൂടെയാണ് സുശാന്തിന്‍റെ സഹോദരി ശ്വേത സിംഗ് കൃതി പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്.ബോളിവുഡിൽ ഗോഡ്ഫാദറില്ലാത്ത സുശാന്തിന് നീതി ഉറപ്പാക്കാൻ ഇടപെടണമെന്നാണ് കത്തിലെ വരികൾ.
 

Follow Us:
Download App:
  • android
  • ios