കഴിഞ്ഞ മാസം യുഎഇയിൽ നിന്ന് എത്തിയ യുവതി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നാണ് മങ്കിപോക്സാണെന്ന സംശയത്തെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
മാനന്തവാടി: വയനാട് ജില്ലയിൽ മങ്കിപോക്സ് ലക്ഷണങ്ങളുള്ള യുവതിയെ നിരീക്ഷണത്തിലാക്കി. 38 വയസുള്ള യുവതി മാനന്തവാടി മെഡിക്കൽ കോളജിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
കഴിഞ്ഞ മാസം യുഎഇയിൽ നിന്ന് എത്തിയ യുവതി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നാണ് മങ്കിപോക്സാണെന്ന സംശയത്തെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. യുവതിയുടെ ശരീര സ്രവം ആലപ്പുഴയിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
അതിനിടെ, ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരിൽ വിമാനത്താവളങ്ങളിൽ വച്ച് തന്നെ മങ്കി പോക്സ് പരിശോധന നടത്തണമെന്ന് യുഎഇ അധികൃതരോട് ആവശ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രി മാൻസുഖ് മാണ്ഡവ്യ അറിയിച്ചു. മങ്കിപോക്സ് പ്രതിരോധത്തിൽ കേരളത്തിന് എല്ലാ സഹായവും നൽകുമെന്നും ആരോഗ്യ മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
രാജ്യത്ത് മങ്കി പോക്സ് റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമല്ലെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മാൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ പറഞ്ഞു. ഇത്തവണ ആദ്യ കേസ് റിപ്പോർട്ട് ചെയ്യും മുൻപ് തന്നെ കേന്ദ്രം മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. മങ്കി പോക്സ് പ്രതിരോധത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും, ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയും ചെയ്തിരുന്നു. നിലവിൽ ഐസിഎംആർ വാക്സീനും, പരിശോധന കിറ്റും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ചതിന് സമാനമായ മാർഗ്ഗങ്ങളിലൂടെ മങ്കി പോക്സ് പ്രതിരോധവും നടപ്പിലാക്കാനാണ് കേന്ദ്രത്തിൻറെ നീക്കം.
ഇതിനിടെ മങ്കി പോക്‌സ് വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അധർ പൂനെവാല അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അധർ പുനെവാലയുടെ പ്രതികരണം. കേരളത്തിൽ മരിച്ചയാൾ ഉൾപ്പടെ 8 പേർക്കാണ് രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ദില്ലിയിൽ താമസിക്കുന്ന മറ്റൊരു നൈജീരിയൻ സ്വദേശിക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചതോടെ രാജ്യതലസ്ഥാനത്തെ രോഗികളുടെ എണ്ണം മൂന്നായി.
Read Aslo: മങ്കി പോക്‌സ് പ്രതിരോധ വാക്സിന്‍: ഗവേഷണം തുടങ്ങിയതായി സീറം ഇൻസ്റ്റിറ്റ്യൂട്ട്
