Asianet News MalayalamAsianet News Malayalam

സഭയില്‍ മോശം പെരുമാറ്റം: ടിഎൻ പ്രതാപനേയും ഡീൻ കുര്യക്കോസിനെയും സസ്പെൻഡ് ചെയ്യും

 ടിഎൻ പ്രതാപനും ഡീൻ കുര്യക്കോസും തന്നെ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും സ്മൃതി ഇറാനി ആരോപിച്ചത് സഭയെ പ്രക്ഷുബ്ധമാക്കിയിരുന്നു

suspension for Congress members T N Prathapan and Dean Kuriakose
Author
Delhi, First Published Dec 6, 2019, 10:52 PM IST

ദില്ലി: ലോക്സഭയില്‍ സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് എംപിമാരായ ടിഎൻ പ്രതാപനേയും ഡീൻ കുര്യക്കോസിനെയും സസ്പെൻഡ് ചെയ്യാന്‍ നീക്കം. ഇതിനായുള്ള പ്രമേയം തിങ്കളാഴ്ച അവതരിപ്പിക്കും. അതേസമയം എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയത്തെ എതിർക്കുമെന്ന് കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്  വ്യക്തമാക്കി. തിങ്കളാഴ്ച സഭയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും എംപിമാർക്ക് വിപ്പു നല്കി. 

ലോക്സഭയിൽ സ്ത്രീസുരക്ഷ ഉന്നയിച്ചുള്ള ചർച്ചയ്ക്കിടെ സ്മൃതി ഇറാനിയും കേരള എംപിമാരും തമ്മില്‍ വാഗ്വാദമുണ്ടായിരുന്നു. ടിഎൻ പ്രതാപനും ഡീൻ കുര്യക്കോസും തന്നെ ഭീഷണിപ്പെടുത്തിയെന്നും  അപമാനിച്ചെന്നും സ്മൃതി ഇറാനി ആരോപിച്ചത് സഭയെ പ്രക്ഷുബ്ധമാക്കി. തുടര്‍ന്ന് ഇരുവരെയും പുറത്താക്കണമെന്ന് ബിജെപി എംപിമാർ ആവശ്യപ്പെട്ടു.

suspension for Congress members T N Prathapan and Dean Kuriakose

ഹൈദരാബാദ്, ഉന്നാവ് സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ  മറുപടി പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ സ്മൃതി ഇറാനി എഴുന്നേറ്റതാണ് സംഭവങ്ങളുടെ തുടക്കം. അയോദ്ധ്യയിൽ രാമന്  ക്ഷേത്രം പണിയുമ്പോൾ സീതയെ ജീവനോടെ കത്തിക്കുകയാണെന്ന് കോണ്‍ഗ്രസ്  നേതാവ് അതിര്‍ രഞ്ജൻ ചൗധരി പറഞ്ഞതാണ് സ്മൃതി ഇറാനിയെ പ്രകോപിപ്പിച്ചത്.  പശ്ചിമ ബംഗാളിൽ ബലാത്സംഗം രാഷ്ട്രീയ ആയുധമാക്കിയവരല്ലേ നിങ്ങളെന്ന് സ്മൃതി ഇറാനി ചോദിച്ചു.

ബഹളത്തിനിടെ  ടിഎൻ പ്രതാപനും ഡീൻ കുര്യക്കോസും കൈചൂണ്ടിയപ്പോൾ തന്നെ തല്ലാനാണോ ശ്രമമെന്ന് സ്മൃതി ഇറാനി ചോദിച്ചു. മന്ത്രിക്കടുത്തേക്ക് നീങ്ങിയ പ്രതാപനേയും ഡീൻ കുര്യക്കോസിനേയും സുപ്രിയ സുലെ പിന്തിരിപ്പിച്ചു. രണ്ടുപക്ഷത്തെയും തണുപ്പിക്കാൻ സ്പീക്കര്‍ ശ്രമിച്ചു. കോണ്‍ഗ്രസ് അംഗങ്ങൾ അപമാനിച്ചുവെന്ന് സഭയിലിരുന്ന് സ്മൃതി ഇറാനി ആരോപിച്ചു. 

രണ്ടുതവണ നിര്‍ത്തിവെച്ച  ശേഷം വീണ്ടും സമ്മേളിച്ചപ്പോൾ ടിഎൻ പ്രതാപനേയും ഡീൻ കുര്യക്കോസിനെയും പുറത്താക്കണമെന്ന്  ബിജെ പി അംഗങ്ങൾ ആവശ്യപ്പെട്ടു. ഈ സമയം സഭയിലില്ലാതിരുന്ന ഇരുവരും മാപ്പു പറയില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇതു രണ്ടാം തവണയാണ് ഈ സമ്മേളനത്തിൽ ലോക്സഭയിൽ കേരള എംപിമാർ ഉൾപ്പെട്ട സംഘർഷം. 

Follow Us:
Download App:
  • android
  • ios