Asianet News MalayalamAsianet News Malayalam

'ആക്രമണം അറിയിച്ചിട്ടും പൊലീസ് എത്താന്‍ വൈകി': കാട്ടാക്കട കൊലപാതക കേസില്‍ നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

പുരയിടത്തില്‍ നിന്ന് അനുവാദമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിന് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ സംഘം ജെസിബി ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

suspension for three police officials on Kattakkada murder case
Author
Kattakada, First Published Feb 8, 2020, 5:32 PM IST

തിരുവനന്തപുരം: കട്ടാക്കടയില്‍ പുരയിടത്തില്‍ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ വീട്ടുടമയെ ജെസിബി ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പൊലീസുകാർക്ക് സസ്പെൻഷൻ. മണ്ണ് മാഫിയുടെ ആക്രമണം അറിയിച്ചിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തത്.

ഒരു എഎസ്ഐഎയും മൂന്ന് പൊലീസുകാരെയുമാണ് സസ്പെന്‍റ് ചെയ്തത്. എഎസ്ഐ അനിൽകുമാർ,  സിവിൽ പൊലീസ് ഓഫീസർമാരായ ഹരികുമാർ , ബൈജു, സുകേശ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്‍തത്. രാത്രി 12.45 ന് സംഗീത് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും ഒന്നര മണിക്കൂറിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. 

യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി നേരത്തെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു. ആക്രമണ വിവരം സ്റ്റേഷനിൽ അറിയിച്ചിട്ടും പൊലീസ് എത്താൻ ഒന്നര മണിക്കൂർ വൈകിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.പുരയിടത്തില്‍ നിന്ന് അനുവാദമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിന് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ സംഘം ജെസിബി ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

രാത്രിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പൊലീസില്‍ വിളിച്ച് അറിയിച്ചിരുന്നെങ്കിലും സമയത്ത് എത്താതെ പൊലീസ് കാണിച്ച അനാസ്ഥ യുവാവിന്‍റെ മരണത്തിന് ഇടയാക്കിയെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. പ്രതിപ്പട്ടികയിലുള്ള എട്ട് പേരെയും പൊലീസ് പിടികൂടി. മണ്ണുമാന്തിയന്ത്രം ഉടമ സജു, ടിപ്പർ ഉടമ ഉത്തമൻ, ജെസിബി ഓടിച്ച വിജിൻ, ടിപ്പർ ഓടിച്ച ലിനു, സംഘത്തിലുണ്ടായിരുന്ന മിഥുൻ, ഇവരെ സഹായിച്ച ലാൽകുമാർ, അനീഷ്, ബൈജു എന്നിവരാണ് പൊലീസ് പിടിയിലായ പ്രതികള്‍. 

Follow Us:
Download App:
  • android
  • ios