Asianet News MalayalamAsianet News Malayalam

പോപ്പുലർ ഫ്രണ്ടിന് പരിശീലനം; സസ്പെൻഷനിലായ ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

 ഇതേ സംഭവത്തിൽ സസ്പെൻഷനിലായ എറണാകുളം ജില്ലാ ഫയർ ഓഫീസറായ എ.എസ്. ജോഗിയെ നേരത്തെ സർവ്വീസിലേയ്‌ക്ക് തിരിച്ചെടുത്തിരുന്നു.

suspension of Kerala fire force officer who  giving training to popular front of inida members was withdrawn
Author
First Published Oct 20, 2022, 10:22 AM IST

പാലക്കാട് : പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവത്തില്‍  പരിശീലനം നൽകാൻ അനുമതി കൊടുത്തതിന് സസ്പെൻഷനിലായിരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു.  റീജിയണൽ ഫയർ ഓഫീസറായിരുന്ന ഷിജു കെ.കെയെ ആണ് തിരിച്ചെടുത്തത്. അതേ തസ്തികയിൽ പാലക്കാട് റീജണൽ ഫയർ ഓഫീസിലാണ് നിയമനം.

പാലക്കാട് റീജണൽ ഫയർ ഓഫീസറായിരുന്ന ജെ.എസ്. സുജിത് കുമാറിനെ എറണാകുളത്തേക്കും എറണാകുളം റീജണൽ ഫയർ ഓഫീസർ വി. സിദ്ധകുമാറിനെ സിവിൽ ഡിഫൻസ് റീജണൽ ഫയർ ഓഫീസറായി ആസ്ഥാന കാര്യാലയത്തിലേക്കും മാറ്റിയിട്ടുണ്ട്.  ഇതേ സംഭവത്തിൽ സസ്പെൻഷനിലായ എറണാകുളം ജില്ലാ ഫയർ ഓഫീസറായ എ.എസ്. ജോഗിയെ നേരത്തെ സർവ്വീസിലേയ്‌ക്ക് തിരിച്ചെടുത്തിരുന്നു.

കഴിഞ്ഞ മാർച്ച് 30-നാണ് വിവാദമായ സംഭവം നടന്നത്.  ആലുവ ടൗൺ ഹാളിൽ വച്ച് പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് സംഘടനയുടെ പ്രവർത്തകർക്ക് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പരീശീലനം നൽകിയത്.  പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് സംഭവം. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍ അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. 

സംഭവം വിവാദമായതോടെ കോണ്‍ഗ്രസും ബിജെപിയടക്കമുള്ള പാർട്ടികൾ രം​ഗത്തു വന്നു.  തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പ്രവർത്തകർക്ക് ഫയർഫോഴ്‌സ് പരിശീലനം നൽകിയത് ചട്ടലംഘനമാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഇതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ അഗ്നിശമനസേനാ മേധാവി ബി. സന്ധ്യ ഉത്തരവിടുകയായിരുന്നു. മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിക്കുക മാത്രം ചെയ്ത മൂന്ന് ഫയർമാന്മാർക്കെതിരെ നടപടി പാടില്ലെന്ന് കേരള ഫയർഫോഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.  ഇതോടെ ബി അനിഷ്, വൈ എ രാഹുൽദാസ്, എം സജാദ് എന്നീ മൂന്ന് റെസ്ക്യു ഓഫീസർമാർക്കെതിരെയുള്ള നടപടി സ്ഥലം മാറ്റത്തിലൊതുങ്ങി.

Read More : തുണി കെട്ടിയും പലക കൊണ്ടും മറച്ച ക്ലാസ് മുറികള്‍; പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയിൽ ദുരിതത്തിലായ സ്കൂൾ

Follow Us:
Download App:
  • android
  • ios