തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ നിലപാടിനെ പരിഹസിച്ച് 
സ്വാമി സന്ദീപാനന്ദ ഗിരി. നഗ്നരായ രണ്ടുകുട്ടികളുടെ ചിത്രം പങ്കുവച്ചാണ് പരിഹാസം. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും  സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിക്കുന്നുണ്ട്.

സ്വന്തം പൗരത്വം മൂടിവച്ച് അന്യന്‍റെ പൗരത്വം അന്വേഷിക്കുന്ന ഇതിലൊരാള്‍ ഭാവിയില്‍ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ കുറഞ്ഞ പക്ഷം ഗവര്‍ണറോ ആകുമെന്നാണ് പരിഹാസം. രൂക്ഷമായ വിമര്‍ശനമാണ് ഫേസ്ബുക്ക് കുറിപ്പിന് ലഭിക്കുന്നത്. 

പൗരത്വ ഭേദഗതി നിയമത്തിലും വാർഡ് വിഭജന ഓർഡിനൻസിലും സംസ്ഥാന സർക്കാരും ഗവർണറും ഏറ്റുമുട്ടിയിരുന്നു. കേന്ദ്രത്തിനെതിരെ സംസ്ഥാനം നിയമപരമായി നീങ്ങുമ്പോൾ  ഗവർണറെ അറിയിക്കണമെന്ന ചട്ടം സംസ്ഥാന സർക്കാർ ലംഘിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ പേര് എടുത്തുപറഞ്ഞുള്ള ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനം. സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുമെന്ന് ഗവര്‍ണര്‍ ഇന്നലെ പറഞ്ഞിരുന്നെങ്കിലും അത്തരം നീക്കത്തിലേക്ക് ഗവര്‍ണറുടെ ഓഫീസ് കടന്നിട്ടില്ല.മുഖ്യമന്ത്രിയും ഗവര്‍ണറുടെ ആക്ഷേപത്തോട് പ്രതികരിച്ചിട്ടില്ല.