തിരുവനനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ സന്തോഷം തോന്നിയ ഭഗാവാന്‍ പൂത്തലുഞ്ഞ 'പാല' തന്നെ സമ്മാനമായി നല്‍കിയെന്ന് സ്വാമി സന്ദീപാനന്ദഗിരി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുരുവായൂര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പകരമായി ഭഗവാന്‍ പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയം നല്‍കിയെന്നാണ് സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരു അച്ഛനും മകനും തമ്മിലുള്ള സംസാരം എന്ന രീതിയിലാണ് സന്ദീപാനന്ദഗിരിയുടെ കുറിപ്പ്. അച്ഛാ ഗുരുവായൂരപ്പന്റെ പുതിയ ലീല വല്ലതും പറയൂ എന്ന ചോദ്യത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ഗുരുവായൂരപ്പന് വേഷം കെട്ടിയ കപടഭക്തരെ തീരെ പിടിക്കില്യ എന്ന മറുപടിയാണ് അച്ഛന്‍ നല്‍കുന്നത്.

ഭഗവാന്‍ കാണണമെന്ന് ഏറ്റവും ആഗ്രഹിച്ച ആള്‍ കഴിഞ്ഞ ദിവസം എത്തിയെന്നും അതില്‍ സന്തോഷവാനായ ഭഗവാൻ ശ്രീകോവിലിൽനിന്ന് തന്റെ പ്രിയ സഖാവിനോടു എന്താ വേണ്ടതെന്ന് ചോദിച്ചെന്നും  സന്ദീപാനന്ദഗിരി കുറിച്ചു. സഖാവ് മനസ്സിൽ പറഞ്ഞു, കൃഷ്ണാ ഒരു പൂപോലും ഞാൻ കരുതിയില്ലല്ലോ അവിടുത്തേക്ക് അർപ്പിക്കാൻ. അവിടുത്തെ നിശ്ചയം നടക്കട്ടെയെന്ന്. ഇതിന് പകരമായി പൂത്തലുഞ്ഞ 'പാല' പകരമായി നല്‍കിയെന്നും പറയുന്നു.

സ്വാമി സന്ദീപാനന്ദഗിരിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

|| ഗുരുവായൂരപ്പന്റെ ഓരോരോ ലീലകള്.....||
അച്ഛാ ഗുരുവായൂരപ്പന്റെ പുതിയ ലീല വല്ലതും പറയൂ..
ന്റെ ഉണ്ണീ,
ഗുരുവായൂരപ്പന് വേഷം കെട്ടിയ കപടഭക്തരെ തീരെ പിടിക്കില്യ.
ന്നാ ശരിയായ ഭക്തനെ കാണാൻ ഭഗവാൻ കണ്ണും നട്ട് ശ്രീകോവിലിൽ നിന്ന് പുറത്തേക്ക് ഇമവെട്ടാതെ നോക്കികൊണ്ടിരിക്കും.അത്ഭുതം എന്ന് പറഞ്ഞാ മതീലോ ഏതാനും ദിവസം മുമ്പ് ഭഗവാൻ കാണണം എന്നാഗ്രഹിച്ച ആള് അതാ കൊടിമരത്തിന്റെ പരിസരത്ത് നിന്ന് അകത്തേക്ക് ഒരുനോട്ടം,ഉണ്ണീ ഒരു നോട്ടം ല്ലട്ടോ ഒരൊന്നൊന്നര നോട്ടം. ഭഗവാനെ ആദ്യായിട്ട് കണ്ട രുക്മിണിയും ഇതുപോലെയായിരുന്നു നോക്കിയത്.
സന്തോഷവാനായ ഭഗവാൻ ശ്രീകോവിലിൽനിന്ന് തന്റെ പ്രിയ സഖാവിനോടു ചോദിച്ചു എന്താ വേണ്ടത് ?
ഒട്ടും മടിക്കാതെ മനസ്സിൽ സങ്കല്പിച്ചോളൂ....
സഖാവ് മനസ്സിൽ പറഞ്ഞു;കൃഷ്ണാ ഒരു പൂപോലും ഞാൻ കരുതിയില്ലല്ലോ അവിടുത്തേക്ക് അർപ്പിക്കാൻ.
അവിടുത്തെ നിശ്ചയം നടക്കട്ടെയെന്ന് മനസ്സിൽ പറഞ്ഞു അവിടുന്ന് അയച്ച ഗജവീരന്മാരെ കണ്ടു സന്തോഷത്തോടെ ഒന്നും ആവശ്യപ്പെടാതെ മടങ്ങി.
പണ്ട് സഖാവായ കുചേലന്റെ കാര്യത്തിലെന്നപോലെ തിരിച്ച് വീട്ടിലെത്തിയ നമ്മുടെ സഖാവിന് ഗുരുവായൂരപ്പൻ നല്കിയത് എന്താ ന്ന് ഉണ്ണിക്ക് അറിയോ?
ല്യച്ഛാ പറയൂ..
നിറയെ പൂത്തുലഞ്ഞ ഒരു #പാല തന്നെ ഭഗവാനങ്ങോട്ട് കൊടുത്തു.
ഭഗവാന്റെ #കാരുണ്യ അപാരമാണ്.
എല്ലാം അറിഞ്ഞ് ചെയ്യും..
.ന്റെഉണ്ണീ വല്ലതും മനസ്സിലായോ?
മ്ം..മനസ്സിലായച്ഛാ ജനങ്ങളോടുള്ള ഭക്തിയാണ് ഭഗവാനോടുള്ള ശരിയായ ഭക്തി.