Asianet News MalayalamAsianet News Malayalam

ഗൂഢാലോചന കേസ് റദ്ദാക്കാനുള്ള സ്വപ്ന സുരേഷിന്റെ ഹർജി വിധി പറയാനായി മാറ്റി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് എടുത്ത കേസുകൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ

Swapna plea against Conspiracy case put off for verdict
Author
Kochi, First Published Jul 26, 2022, 5:06 PM IST

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലുള്ള ഗൂഢാലോചന കേസ് റദ്ദാക്കാനുള്ള സ്വപ്ന സുരേഷിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിറകിൽ ഗൂഢാലോചന ഉണ്ടെന്നു സർക്കാർ പറഞ്ഞു. ഗൂഢാലോചന നടത്തിയതിനു തെളിവുണ്ടെന്ന് ഡിജിപി വ്യക്തമാക്കി. രഹസ്യ മൊഴി നൽകിയതിലെ ചില വിവരങ്ങളല്ലേ സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയതെന്ന് കോടതി ചോദിച്ചു.

നിക്ഷിപ്ത താത്പര്യത്തിനു വേണ്ടി സ്വപ്ന സുരേഷ് പരസ്യ പ്രസ്താവന നടത്തുകയാണെന്ന് സർക്കാർ അഭിഭാഷകൻ കുറ്റപ്പെടുത്തി. തെളിവുകൾ ഇല്ലാതെയാണ് ഇത്തരം പ്രസ്താവനകളെന്നും സ്വപ്നയ്ക്കെതിരായ ഗൂഢാലോചനക്കേസിൽ അന്വേഷണം തുടരുകയാണെന്നും സർക്കാർ വാദിച്ചു. ഈ ഘട്ടത്തിൽ കേസ് അന്വേഷണത്തിൽ ഹൈക്കോടതി ഇടപെടരുതെന്ന ആവശ്യവും സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ചു. ഇതോടെയാണ് കേസ് വിധി പറയാൻ മാറ്റിയത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ.ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസും പാലക്കാട്ട് കസബ പോലീസ് എടുത്ത കേസും നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ. 

ഹർജിയിൽ കഴിഞ്ഞ ദിവസം കെ.ടി  ജലീലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന സത്യവാങ്മൂലം സ്വപ്ന സുരേഷ് സമർപ്പിച്ചിരുന്നു. ജലീൽ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ സത്യവാങ്മൂലത്തിലുണ്ട്. 

അതേ സമയം മുഖ്യമന്ത്രിയ്ക്കെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കേസുകൾ റദ്ധാക്കാനാകില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്. അതേസമയം സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ്  ആവശ്യപ്പെടാൻ എന്തവകാശമെന്ന് സരിത എസ് നായരോട് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴിപ്പകർപ്പ് ആവശ്യപ്പെടാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു.സ്വപ്നയുടെ രഹസ്യമൊഴിപ്പകർപ്പ്  ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റിയിട്ടുണ്ട്. നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ  കോടതി ഇഡിയോട് ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios